ജമ്മു കാശ്മീർ വിഷയത്തിൽ യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളണം

GLINT STAFF
Sat, 10-08-2019 12:46:52 AM ;

 

  സ്വതന്ത്ര  ഇന്ത്യയിൽ എന്നും നീറി പുകഞ്ഞു കൊണ്ടിരുന്ന യാഥാർത്ഥ്യമാണ് ജമ്മു കാശ്മീർ. ഭരണഘടനയുടെ 370, 35a  അനുഛേദങ്ങൾ അതിന് തെല്ലും ശമനം ഉണ്ടാക്കിയില്ല എന്നതും വസ്തുത .ഇപ്പോൾ ജമ്മു കാശ്മീർ സംസ്ഥാനം നിലവിൽ ഇല്ലാതെയായി. പകരം രണ്ട് യൂണിയൻ ടെറിട്ടറികൾ .ജമ്മു കാശ്മീരും ലഡാക്കും.അതില്ലാതെയും . അതും യാഥാർത്ഥ്യമായി കഴിഞ്ഞു. സർക്കാരിൻറെ നടപടികളിൽ ദുരൂഹതകളും പോരായ്മകളും ഉണ്ട്. അതിൻറെ പേരിൽ മുൻപ് സൂചിപ്പിച്ച യാഥാർത്ഥ്യങ്ങൾ അല്ലാതാകുന്നില്ല.

       വ്യക്തിയാണെങ്കിലും സമൂഹം ആണെങ്കിലും രാഷ്ട്രീയപ്രസ്ഥാനങ്ങൾ ആണെങ്കിലും അതിൻറെ മുന്നോട്ടുള്ള പ്രയാണത്തെ നിശ്ചയിക്കുന്നത് യാഥാർഥ്യങ്ങളെ അതായി അംഗീകരിക്കുന്നതാണ്. അപ്പോൾ മാത്രമേ മുന്നിലുള്ള ഈ വിഷയത്തിൽ ഉചിതമായ തീരുമാനം സ്വീകരിക്കാൻ സാധ്യമാവുകയുള്ളൂ .ഈ യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ ഓരോ ഇന്ത്യൻ പൗരന്റ മുൻപിലും ഒരു വിഷയം മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. അത് കാശ്മീരിലെ സമാധാനം ആയിരിക്കണം. കാശ്മീരിന് പുറത്തുള്ള ജനത, ഈ മാറ്റത്തോടു കൂടി എല്ലാ അർത്ഥത്തിലും കാശ്മീരിനെയും കാശ്മീരികളെയും സ്വീകരിക്കുകയാണ് വേണ്ടത്. കാശ്മീരി ജനത കടന്നുപോകുന്ന ദുരിതപൂർണമായ ജീവിത സാഹചര്യം അതേ തീവ്രതയിൽ പുറത്തുള്ളവർക്ക് ഉൾക്കൊള്ളാൻ കഴിയില്ല. അത്രയ്ക്കാണ് കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെയായി വൈകാരികമായും ഭൗതികമായും സാമൂഹികമായും എല്ലാം ആ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 

ഭാരതത്തിലെ ഏറ്റവും മനോഹരമായ ആ ഭൂപ്രതലത്തിൽ കാംക്ഷിക്കേണ്ടത് സമാധാനം തന്നെയാണ് .മറിച്ച് ബിജെപി സർക്കാരിൻറെ നടപടി തെറ്റായിപ്പോയി എന്ന നിലപാടിന് നിലപാടിനെ സാധൂകരിക്കുന്ന അവസ്ഥ ഒരു രാഷ്ട്രീയ നേതാവിന്റെയും സങ്കൽപ്പത്തിൽ പോലും ഉണ്ടാകുന്നത് നല്ലതല്ല. ജമ്മു കാശ്മീരിന് പുറത്തുള്ളവർ വിഷയത്തെ രാഷ്ട്രീയമായി കൈകാര്യം ചെയ്യുമ്പോൾ അതുപോലും അറിയാൻ കഴിയാതെ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇന്ന് ജമ്മുകാശ്മീരിൽ ഉള്ള  വർ. പ്രത്യേക പദവി  ഇല്ലാതായി ഇന്ത്യയുടെ പതാ  കയുടെ കീഴിൽ പുതിയ ജീവിതം ആരംഭിക്കുമ്പോൾ ഓരോ കാശ്മീരി പൗരനും ആശങ്കകൾ ഏറെ ആയിരിക്കും .അത് സ്വാഭാവികവുമാണ് . 

           ഈ സന്ദർഭത്തിൽ കാശ്മീരി ജനത ഒറ്റക്ക് അല്ലെന്നും ഒരു രാജ്യം അവരോടൊപ്പം ഉണ്ട് എന്നും ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം കാശ്മീരിന് പുറത്തുള്ള ഓരോ ഇന്  ത്യക്കാരനും ഉണ്ട് .ഓരോ രാഷ്ട്രീയ നേതാവിനും ഉണ്ട്. ദൗർഭാഗ്യവശാൽ അത്തരമൊരു പക്വത പ്രധാന രാഷ്ട്രീയ പാർട്ടി നേതാക്കളിൽ നിന്നും ഇതുവരെ കാണാൻ കഴിഞ്ഞില്ല .ഭരണപക്ഷം നെഹ്റുവിൻറെ അബദ്ധത്തെ ഉയർത്തിക്കാട്ടുന്നു .പ്രതിപക്ഷം പുതിയ യാഥാർത്ഥ്യങ്ങളെ ശക്തമായി എതിർക്കുന്നു .ഈ രണ്ട് അവസ്ഥകൾക്കിടയിൽ ആണ് മുഖ്യ കേന്ദ്രബിന്ദുവായ കാശ്മീരിലെ സമാധാനം നിലപാടുകളിലും അവയുടെ പ്രഖ്യാപനങ്ങളിലും മുഖ്യമാകാതെ മാറുന്നത്. അത് മുഖ്യം ആകണമെങ്കിൽ യാഥാർത്ഥ്യങ്ങളെ അംഗീകരിക്കുകയും കാശ്മീരി ജനതയെ ഉള്ളിൽ കാണുകയും വേണം.