'ജൂണ്‍' - ഒരു ഫീല്‍ ഗുഡ് മൂവി

അര്‍ജുന്‍ പ്രസാദ്‌
Tue, 26-02-2019 06:46:16 PM ;

June

മലയാളിക്ക് എന്നും സുഖമുള്ള ഓര്‍മയാണ് മഴക്കാലം. പ്രത്യേകിച്ച് ജൂണ്‍ മാസത്തിലെ കാലവര്‍ഷം. വേനലവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുന്ന ദിവസം നനഞ്ഞു സ്‌കൂളില്‍ ചെന്നിരുന്നത് എല്ലാ ശരാശരി മലയാളിയുടെയും സുഖമുള്ള ഓര്‍മയാണ്. അത്തരത്തിലുള്ള ഒരു സുഖം നല്‍കുന്ന കഥയാണ് പുതുമുഖ സംവിധായകനായ അഹമ്മദ് കബീറിന്റെ 'ജൂണ്‍' എന്ന സിനിമ.

 

രജിഷ വിജയന്‍ ജൂണ്‍ എന്ന കേന്ദ്ര കഥാപാത്രമായെത്തിയ സിനിമ രണ്ടായിരമാണ്ടിന്റെ തുടക്കത്തില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ തലമുറയുടെ കഥയാണ്. അതുകൊണ്ടു തന്നെ സ്‌കൂള്‍ ജീവിതവും ആദ്യ പ്രണയവും തമാശകളും ഒക്കെ സ്വന്തം ജീവിതത്തോട് ചേര്‍ത്ത് വായിക്കാന്‍ ആ കാലഘട്ടത്തില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയായവര്‍ക്ക് കഴിയും. ഒരുമിച്ചു ആസ്വദിച്ച കാഴ്ചകളിലേക്കും അന്ന് കാണിച്ച കുസൃതികളിലേക്കും ബാച്ചുകള്‍ തമ്മില്‍ പരസ്പരം ഉണ്ടായിരുന്ന ബാലിശമായ മത്സരങ്ങളിലേക്കും ഒരു നിമിഷം നമ്മുടെ മനസ്സിനെ എത്തിക്കുന്നു ഈ സിനിമ.

 

സഹതാരങ്ങളായ ജോജു ജോര്‍ജ്, അശ്വതി മേനോന്‍, അര്‍ജുന്‍ അശോകന്‍, സണ്ണി വെയ്ന്‍, അജു വര്‍ഗീസ് തുടങ്ങിയവരും പുതുമുഖമായ സര്‍ജാനൊ ഖാലിദും മറ്റ് പുതുമുഖ സുഹൃത്തുക്കളും നല്ല പിന്തുണയാണ് രജിഷക്ക് നല്‍കിയത്. ഇഫ്തി ഈണം നല്‍കിയ ഗാനങ്ങളും സിനിമക്ക് ശക്തി പകരുന്നു. തിരക്കഥയിലെ ചില ദുര്‍ബലതകള്‍ പലപ്പോഴായി സിനിമയില്‍ നിഴലിച്ചു നില്‍ക്കുന്നുണ്ട്, എങ്കിലും സിനിമയുടെ ഒഴുക്കിനെ അത് കാര്യമായി ബാധിക്കുന്നില്ല.

 

ജൂണ്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ പുരോഗമിക്കുന്ന സിനിമ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും ഒരു ആവര്‍ത്തന വിരസമായ കഥയായി മാറുമെന്ന് തോന്നിപ്പിച്ചെങ്കിലും അതില്‍ നിന്നും വ്യത്യസ്തമായി ചില വഴികളിലൂടെ നയിക്കാന്‍ സംവിധായകനായി. വര്‍ഷങ്ങള്‍ക്ക് ശേഷം സുഹൃത്തുക്കളുടെ കണ്ടുമുട്ടല്‍ എന്നും നമ്മള്‍ നെഞ്ചിലേറ്റുന്ന ഓര്‍മയാണ്. സൗഹൃദത്തിന്റെ ഊഷ്മളതയില്‍ സ്വകാര്യ നേട്ടങ്ങളും നഷ്ടങ്ങളും മറന്ന് ഒത്തുചേര്‍ന്നു ആസ്വദിക്കുന്നിടത്ത് നമ്മള്‍ മനുഷ്യരാണെന്ന ബോധം കൂടുതല്‍  വേരുറക്കുന്നു. വിജയ് ബാബു നിര്‍മ്മിച്ച ഈ സിനിമ എന്തുകൊണ്ടും പ്രേക്ഷകന് ഒരു സുഖമുള്ള അനുഭവം നല്‍കുന്നു.

 

Tags: