മൂന്നാമത് സി.പി.സി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു; മികച്ച നടന്‍ ജോജു, നടി ഐശ്വര്യ ലക്ഷ്മി

ഡോ.രേഷ്മ റഹ്മാൻ
Tue, 19-02-2019 03:28:35 PM ;

cpc-awards

Image credit-CPC Facebook page

സിനിമാപ്രേമികളുടെ ഓണ്‍ലൈന്‍ കൂട്ടായ്മയായ 'സിനിമാ പാരഡിസോ ക്‌ളബ്ബ്' (സി.പി.സി) 2018 ലെ മികച്ച പ്രകടനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. കഴിഞ്ഞ ദിവസം കലൂര്‍ ഐ.എം.എ ഹാളില്‍ വെച്ചായിരുന്നു അവാര്‍ഡ് ദാന ചടങ്ങ്. എട്ടുവര്‍ഷം മുന്‍പ് തുടങ്ങിയ സിപിസി കൂട്ടായ്മയുടെ മൂന്നാമത് അവാര്‍ഡ് ദാന ചടങ്ങായിരുന്നു ഇത്. ഒരു ലക്ഷത്തോളം വരുന്ന  മെംബേര്‍സിന്റെ സുതാര്യമായ വോട്ടിങ്ങിലൂടെയായിരുന്നു  അവാര്‍ഡ്  നിര്‍ണയം.

 

ജോസഫിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം ജോജു ജോര്‍ജും വരത്തനിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം ഐശ്വര്യ ലക്ഷ്മിയും സ്വന്തമാക്കി. നടനും നിര്‍മാതാവുമായ വിജയ്ബാബു ആണ് ജോജുവിന് പുരസ്‌കാരം സമ്മാനിച്ചത്.

Image may contain: 1 person, smiling, text

Image credit-CPC Facebook page

'എത്രയോ  വര്‍ഷമായി സിനിമയുടെ പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ട്. അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചിട്ടുണ്ട് . അത് അറിയാത്തതുകൊണ്ട് തന്നെ ആയിരുന്നു.9മണിക്ക് ശേഷം ബസില്ലാത്ത ഒരു സ്ഥലത്തായിരുന്നു എന്റെ വീട്. സിനിമയിലുള്ള ആരുമായും ബന്ധമില്ലായിരുന്നു. അങ്ങനെയുള്ള എനിക്ക്  ഈ അവാര്‍ഡ് വാങ്ങാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍,സിനിമയെ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ആര്‍ക്കും ആ സ്വപ്‌നം സാധ്യമാക്കാന്‍ കഴിയും' അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് ജോജു ജോര്‍ജ് പറഞ്ഞു.

 

Image may contain: 3 people, people smiling, people standing

Image credit-CPC Facebook page

2016ലെ സി.പി.സി അവാര്‍ഡ് ജേതാവായ രജിഷയാണ് ഐശ്വര്യലക്ഷ്മിയ്ക്ക്‌ പുരസ്‌കാരം നല്‍കിയത്. മൈക്ക് വാങ്ങി നന്ദി എന്നുമാത്രം പറഞ്ഞു,സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു  കൂടുതല്‍ സംസാരിക്കാനാവാതെ ഐശ്വര്യ വേദിയില്‍ നിന്ന് മടങ്ങിപ്പോയി.

 

മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സുഡാനി ഫ്രം നൈജീരിയക്കായിരുന്നു. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശേരി അര്‍ഹനായി. എന്നാല്‍ അദ്ദേഹത്തിന് ചടങ്ങിലെത്താന്‍ സാധിച്ചില്ല. മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം സാവിത്രി ശ്രീധരനും  (സുഡാനി ഫ്രം നൈജീരിയ) പൗളി വില്‍സണും (ഈ മ യൗ ) പങ്കുവച്ചു. മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടത് വിനായകന്‍ (ഈ മ യൗ) ആയിരുന്നു. അദ്ദേഹത്തിനും ചടങ്ങില്‍ പങ്കെടുക്കാനായില്ല.

Image may contain: 2 people, people standing and text

Image credit-CPC Facebook page

മലയാളസിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ്, സംഘട്ടന സംവിധായകന്‍  ത്യാഗരാജന്‍ മാസ്റ്ററിന് സമ്മാനിച്ചു. 60 വര്‍ഷത്തിലേറെയായി, 2000ത്തോളം മലയാള ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള  ത്യാഗരാജന്‍ മാസ്റ്ററെ ആദരിക്കാനുള്ള സി.പി.സിയുടെ തീരുമാനം തികച്ചും അഭിനന്ദനാര്‍ഹമായിരുന്നു.  പ്രേംനസീര്‍ ചിത്രങ്ങള്‍  മുതല്‍ ഇപ്പോള്‍  ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന പ്രിയദര്‍ശന്റെ മരയ്ക്കാറില്‍ വരെ, സംഘട്ടനം: ത്യാഗരാജന്‍ എന്ന പേര് എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു.  ത്യാഗരാജന്‍ മാസ്റ്റര്‍ക്ക് ആശംസകളുമായി പ്രിയദര്‍ശനും മോഹന്‍ലാലും വിഡിയോയില്‍ പ്രത്യക്ഷപെട്ടു. മാസ്റ്ററുടെ 60വര്‍ഷത്തെ  സംഘട്ടനരംഗങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോയും പ്രദര്‍ശിപ്പിച്ചതോടെ കാണികള്‍ ആവേശഭരിതരായി. ചടങ്ങില്‍ പങ്കെടുത്ത  അതിഥികള്‍ എല്ലാവരും ചേര്‍ന്ന് വേദിയില്‍ മാസ്റ്ററിനെ പൊന്നാടയണയിച്ചു.ശേഷം പുരസ്‌കാരം സമ്മാനിച്ചു. സദസ്സ് മുഴുവന്‍ എഴുന്നേറ്റു നിന്നാണ്  ആ അവിസ്മരണീയ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചത്.

 

കാളിദാസ് ജയറാം, നിഖില വിമല്‍, ശ്യാം പുഷ്‌ക്കരന്‍, പി എഫ് മാത്യൂസ്,ഗോവിന്ദ് വസന്ത,സംവിധായകന്‍ സലാം ബാപ്പു   തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. സി.പി.സി യിലെ ആക്റ്റീവ് മെംബേര്‍സായ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്,  'അള്ള് രാമേന്ദ്രന്‍ ' സംവിധായകന്‍ ബിലഹരി ആന്‍ഡ് ടീം, ലില്ലിയുടെ സംവിധായകന്‍ പ്രശോഭ് വിജയന്‍ ആന്‍ഡ് ടീം തുടങ്ങിയവരും ചടങ്ങിലെ നിറസാന്നിധ്യമായിരുന്നു.

മറ്റ് പുരസ്‌കാരങ്ങള്‍

മികച്ച  തിരക്കഥ :സക്കറിയ, മുഹ്സിന്‍ പരാരി(സുഡാനി ഫ്രം നൈജീരിയ )
സിനിമാറ്റോഗ്രഫി :ഷൈജു ഖാലിദ് (ഈ മ യൗ, സുഡാനി ഫ്രം നൈജീരിയ )
ഒറിജിനല്‍ സോങ് :ജേക്‌സ് ബിജോയ് (രണം ടൈറ്റില്‍ ട്രാക്ക് )
പശ്ചാത്തല സംഗീതം :പ്രശാന്ത് പിള്ളൈ (ഈ മ യൗ )
എഡിറ്റര്‍ :നൗഫല്‍ അബ്ദുള്ള
ശബ്ദ മിശ്രണം :രംഗനാഥ് രവി


ഒരു നെറ്റിസൺ ആണ് രേഷ്മ

Tags: