representational image
രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ശാഖകളുള്ള ഒരു പ്രശസ്ത ബ്രാന്‍ഡിന്റെ കൊച്ചിയിലെ റെഡിമെയിഡ് തുണിക്കട. വ്യത്യസ്ത അഭിരുചിക്കാര്‍ മാത്രം കയറുന്നിടം. അതിനാല്‍ വലിയ തിരക്കില്ല. ഉള്ളിലെ അന്തരീക്ഷവും സംഗീതവും എല്ലാം ആസ്വാദ്യം. മാനേജര്‍ യുവാവും ഒരു സെയില്‍സ് ഗേളും മാത്രം. യുവാവ് യൗവ്വനത്തിന്റെ പ്രഭാതകാലത്തില്‍. സൗന്ദര്യത്തേക്കാള്‍ ചൊടിയും മിടുക്കും മുന്നിട്ടു നില്‍ക്കുന്ന കൃശഗാത്രയായ സുന്ദരിയാണ് സെയില്‍സ് ഗേള്‍. ആ ഷോറൂമിന്റെ ഭംഗിയിലേക്കും നിശബ്ദതയെ സംഗീതാത്മകമാക്കുന്ന പുല്ലാങ്കുഴല്‍ സംഗീതത്തിലേക്കും ദൃശ്യം ലയിക്കുന്നതു പോലെയാണ് ആ സെയില്‍സ് ഗേള്‍ ഉപഭോക്താക്കളെ സ്വീകരിക്കുന്നത്. സ്ഥാപനത്തിന്റെ പരിശീലനത്താല്‍ കൃത്രിമമായി വരുത്തുന്നതല്ല ആ കുട്ടിയുടെ ചിരി. അത് കൂടുതല്‍ പ്രകടമായത് ആ കുട്ടിയുടെ കണ്ണുകളിലാണ്.
ഉപഭോക്താവ് തിരയുന്ന വസ്ത്രങ്ങളുടെ സ്വഭാവം മനസ്സിലാക്കി സമാനമായ രീതിയിലുള്ളവ അടുക്കി വച്ചതിന്റെ കൂമ്പാരം ആ സെയില്‍സ് ഗേള്‍ മേശപ്പുറത്ത് നിരത്തിയിട്ടു. ചിലത് നിവര്‍ത്തി കാണിക്കുകയും ചെയ്തു. ഇടയ്ക്ക് മാനേജര്‍ ഈ കുട്ടിയെ വിളിച്ചു. അവിടേക്കെത്തിയ പുതിയ സ്റ്റോക്കിന്റെ കെട്ടുകള്‍ എടുത്ത് കടയുടെ പിന്‍ഭാഗത്ത് നിര്‍ദ്ദിഷ്ട സ്ഥലത്തു വയ്ക്കണം. ചടപടേന്ന് കാര്‍ഡ് ബോര്‍ഡ് പെട്ടിയിലെത്തിയ സ്റ്റോക്ക് നിലത്തിഴച്ച് പിന്നില്‍ അടുക്കി. ഒടുവില്‍ ആ കുട്ടിയേക്കാള്‍ ഭാരമുള്ള കൂറ്റന്‍ പെട്ടികള്‍. അതും വലിച്ചുകൊണ്ടുവന്ന് ഓരോ മൂലയില്‍ വീതം പൊക്കി കയറ്റി വച്ചു. ഈ സ്റ്റോക്ക് നീക്കത്തിനിടയ്ക്കും അവള്‍ ഒരു കണ്ണ് ഉപഭോക്താക്കള്‍ തുണി തിരയുന്നിടത്തേക്ക് എറിയിന്നുണ്ടായിരുന്നു. കൊച്ചി നഗരത്തിലെ ഹെഡ് ലോഡുകാരുടെ സാമാന്യ കൂലി നിരക്കു വച്ചു നോക്കുകയാണെങ്കില്‍, കുറഞ്ഞത് അത്രയും സ്റ്റോക്ക് നീക്കാന്‍ ആയിരത്തഞ്ഞൂറു മുതല്‍ രണ്ടായിരം രൂപ വരെ ഈടാക്കിയെന്നിരിക്കും.
ബില്ലടിക്കാന്‍നേരം ആ ബ്രാന്‍ഡിന്റെ ചില ഭക്ഷ്യവസ്തുക്കളും അലങ്കാര-സുഗന്ധദ്രവ്യ ഇനങ്ങളും അവള്‍ ശ്രദ്ധയില്‍ പെടുത്തി. ഭാവം കൊണ്ടും ശരീരഭാഷ കൊണ്ടും അതിനകം സൗഹൃദം സ്ഥാപിച്ച ആ കുട്ടിയോട് വെറുതെ കുശലം ചോദിച്ചു. സ്വന്തം സ്ഥലം തൃശ്ശൂര്‍ കേച്ചേരിയില്‍. ഇപ്പോള്‍ താമസം ഷോറൂമിനടുത്തുള്ള സ്ഥലത്ത്. രാവിലെയും വൈകീട്ടും ഈ ഷോറൂമില്‍ ജോലിക്കെത്തുന്നു. ഇടയ്ക്കുള്ള സമയത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ബി.ബി.എയ്ക്ക് പഠിക്കുകയാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ മുഴുവന്‍ സമയവും ജോലിക്കെത്തുന്നു.
പ്ലസ് ടുവിന് എണ്‍പത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുള്ള ഈ കുട്ടി കഷ്ടിച്ച് പതിനെട്ടിലേക്ക് എത്തുന്നതേ ഉള്ളൂ. ഇവ്വിധം ജാലി ചെയ്തു കൊണ്ട് പഠിക്കുന്നവര്‍ക്കായി ക്രമീകരിച്ചിട്ടുള്ളതാണ് സ്വകാര്യ സ്ഥാപനത്തിലെ കോഴ്‌സ്. വിഷയം പഠിക്കാന്‍ മുഖ്യമായും സമയം കണ്ടെത്തുന്നത് ജോലി കഴിഞ്ഞെത്തി രാത്രി ഒമ്പതു മണിക്ക് ശേഷവും, ഉപഭോക്താക്കളില്ലാത്ത സമയത്ത് ഷോറൂമില്‍ വച്ചുമാണ്. ഓരോ വിവരവും ഉന്മേഷത്തോടും രസത്തോടുമാണ് ആ കുട്ടി പറഞ്ഞത്. സ്വന്തമായി വരുമാനമുണ്ടാക്കി പഠിക്കുക മാത്രമല്ല, ചിലപ്പോള്‍ വീട്ടിലേക്കും കൊടുക്കേണ്ടിവരും. അച്ഛന് ടൈല്‍ പണിയാണ്. ആ ഷോറൂമില്‍ തൂങ്ങുന്ന ചില ചിരുദാറുകളുടെ വിലയുടെ അത്ര പോലും ആ കുട്ടിക്ക് മാസ ശമ്പളം കിട്ടുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഒരു കോളേജ് കാമ്പസില്‍ സുഹൃത്തുക്കളുമായി സമയം ചെലവഴിച്ചും പാഠ്യേതര പരിപാടികളിലുമൊക്കെ പങ്കെടുത്തും നടക്കേണ്ട കുട്ടിയാണ് പതിനെട്ടു തികയും മുന്‍പ് സ്വന്തം കാലില്‍ നിന്ന് വീട്ടുകാരെയും സഹായിക്കുന്നത്. അവളുടെ കൃശഗാത്രം വ്യായാമം ചെയ്ത് മെല്ലിച്ചതല്ല, ഉന്മേഷവും ഊര്‍ജ്ജവും ഏറെക്കുറെയുണ്ടെങ്കിലും പോഷകസമൃദ്ധമായതോ, ഈ പ്രായം ആവശ്യപ്പെടുന്ന വിധത്തിലോ അവള്‍ക്ക് ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല എന്നുള്ളത് വ്യക്തമാണ്.
ഈ കുട്ടിയുടെ കണ്ണുകളിലും ശരീരഭാഷയിലും പ്രസരിച്ചത് അചഞ്ചലമായ നിശ്ചയദാര്‍ഢ്യമാണ്. ഒരു പ്രതിസന്ധിക്കും അവളെ തടയാനോ തളര്‍ത്താനോ പറ്റില്ല എന്നുള്ളത് അവളുടെ ഓരോ ചലനത്തിലും വാക്കുകളിലും സ്ഫുരിക്കുന്നു. അതാകട്ടെ മധുരഭാഷണത്തിലൂടെ. അതിസമ്പന്നതയുടെ പശ്ചാത്തലത്തില്‍ നിന്നു കൊണ്ട് തെല്ലും സങ്കോചവും വിഷമവും അനുഭവപ്പെടാതെ തന്റെ ഇപ്പോഴത്തെ അവസ്ഥയെ ആവേശത്തോടെ കാണുന്ന ആ കൗമാരക്കാരിയില്‍, കൗമാരത്തില്‍ കുടുങ്ങിക്കിടക്കുന്ന സ്വപ്ന ഭാവമായിരുന്നില്ല. ആ ഷോറൂമില്‍ എത്തുന്നവരെ സഹായിക്കുക മാത്രമല്ല ആ പതിനെട്ടുകാരി ചെയ്യുന്നത്. എത്ര അരസികരായാലും അവളുടെ ഊര്‍ജ്ജം അല്‍പ്പമെങ്കിലും കൊള്ളാതെ അവിടെ നിന്നു മടങ്ങില്ല. പതിനെട്ടു കൊല്ലത്തിനുള്ളില്‍ അവള്‍ ജീവിതത്തിന്റെ പല മുഖങ്ങള്‍ കണ്ടിരിക്കുന്നു എന്നുറപ്പ്. അമ്മയെ കുറിച്ച് വാചാലയായ അവള്‍, അച്ഛനെ കുറിച്ചു പറഞ്ഞപ്പോഴും ആ വാക്കില്‍ തുളുമ്പിയത് സ്‌നേഹമാണ്. അയല്‍ സംസ്ഥാനക്കാരന്റെ ഗള്‍ഫായ കേരളത്തില്‍ ടൈല്‍ പണിക്കു പോകുന്നവര്‍ക്ക് വരുമാനത്തിന് വലിയ ബുദ്ധിമുട്ടില്ല. എന്നിട്ടും ഈ കുട്ടിക്ക് സ്വന്തം ജീവിതവും പഠിപ്പും വീട്ടിലെ കാര്യവും നോക്കേണ്ടി വരുന്നുവെങ്കില്‍ അച്ഛന്റെ വരുമാനം വീട്ടിലെത്തുന്നതിനു മുന്‍പേ തീരുന്നു. ചിലപ്പോള്‍ ആ വരുമാനത്തിന്റെ നല്ലൊരംശം ബീവറേജസ് കോര്‍പ്പറേഷന്‍ വഴി സംസ്ഥാന ഖജനാവിലേക്കു മുതല്‍ക്കൂട്ടുന്നുണ്ടാകാം. അവള്‍ക്ക് ഓര്‍ക്കാന്‍ സുഖമില്ലാത്ത കാര്യങ്ങളിലേക്ക് സംഭാഷണം നീളേണ്ടെന്നു കരുതി ബില്ലുകൊടുത്തിറങ്ങുമ്പോള്‍ അവിടെ നിന്നു വാങ്ങിയ വസ്ത്രങ്ങള്‍ അപ്രസക്തമായി. അതിനേക്കാള്‍ വിലമതിക്കാനാകാത്ത, ഓര്‍ത്താല്‍ ഊര്‍ജ്ജം നിറയുന്ന നിമിഷങ്ങളാണ് അവിടെ നിന്നും ലഭിച്ചത്. എണ്‍പത്തിയൊന്നു കഴിഞ്ഞിട്ടും സീരിയലും കണ്ട് പരാതിയും പയ്യാരവുമായി ഗൃഹാന്തരീക്ഷത്തെ മൂടിക്കെട്ടിക്കുന്ന അമ്മൂമ്മമാര്‍ പോലുമുള്ള കേരളത്തില്‍ ഈ പതിനെട്ടുകാരി ഔഷധക്കാഴ്ച തന്നെ.