ശിഖണ്ഡി പാടില്ല; വ്യാസനെ തിരുത്തുന്ന ചാനൽ ചർച്ചാ നായകൻ

Glint desk
Sun, 17-03-2024 03:15:15 PM ;
വേദവ്യാസനെ തിരുത്തേണ്ടതുണ്ടെങ്കിൽ അതു വേണ്ടതു തന്നെ. ശിഖണ്ഡി എന്ന പദം പൊതു മണ്ഡലത്തിൽ ഉപയോഗിക്കാൻ പാടില്ലെന്ന് മുഖ്യധാരാ മാധ്യമത്തിലെ ന്യൂസ് അവർ ചർച്ചാ നായകൻ പ്രഖ്യാപിക്കുന്നു. ഒന്നിലധികം അവസരങ്ങളിൽ ഈ ഭേദപ്പെട്ട ചർച്ചാനായകൻ പാനലിസ്റ്റുകളെ ഇക്കാര്യം ഉദ്ബോധിപ്പിട്ടുണ്ട്. അദ്ദേഹത്തിൻറെ കാഴ്ചപ്പാടിൽ വ്യാസൻ മഹാഭാരതത്തിൽ പൊളിറ്റിക്കൽ കറക്റ്റ്നസ്സില്ലാതെ സൃഷ്ടിച്ച കഥാപാത്രമാണ് ശിഖണ്ഡി. ഭാരതത്തിൻറെ സാംസ്കാരിക പൈതൃകത്തിൽ കെട്ടിപ്പിടിച്ചും സാഷ്ടാംഗനമസ്കാരം ചെയ്തും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു എന്ന് അവകാശപ്പെടുന്ന , ചർച്ചയിൽ പങ്കെടുത്ത ബിജെപി പ്രതിനിധി ചർച്ചാനായകൻറെ പ്രഖ്യാപനത്തെ തുടർന്ന് ആ പ്രയോഗം പിൻവലിച്ചു. ഏതാനും നാൾ മുമ്പ് സിപിഎം പ്രതിനിധിയും ഈ പ്രയോഗം നടത്തി. പക്ഷേ അദ്ദേഹം അത് പിൻവലിച്ചില്ല. അന്ന് ചർച്ചയിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ്സ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും സിപിഎം പ്രതിനിധിയെ ഇക്കാര്യം ഓർമിപ്പിച്ചു. ഒരുപക്ഷേ സി.പി.എം പ്രതിനിധിക്ക് പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനം വേണ്ടി വന്നിരിക്കണം.
ഭാരതയുദ്ധം ഉണ്ടാകാൻ യഥാർത്ഥത്തിൽ കാരണക്കാരൻ സാക്ഷാൽ ഭീഷ്മർജിയാണ് . ശൂരവീര പരാക്രമിയും ഏകദേശം സർവ്വജ്ഞനും ചിരഞ്ജീവിയുമായ ഭീഷ്മർജിക്ക് സത്യബോധ്യം തെളിഞ്ഞിട്ടില്ലായിരുന്നു. ആ അജ്ഞതയാണ് ഭീഷ്മർജിയെക്കൊണ്ട് യുദ്ധവിത്തിടീൽ നടത്തിയത്. അതാണ് വ്യാസൻ മൂപ്പരെ കൗരവപക്ഷത്ത് നിർത്താൻ കാരണം. ആ അജ്ഞത നീങ്ങി രൂപ - ലിംഗങ്ങൾക്കതീതമായ സത്യം ശിഖണ്ഡിയിലൂടെ ഭീഷ്മപിതാമഹൻജി യുദ്ധഭൂമിയിൽ തെളിഞ്ഞു കാണുന്നു . അല്ലാതെ ബി.ജെ.പി പ്രസിഡണ്ട് കെ. സുരേന്ദ്രൻ കാണുന്നതുപോലെയോ മുഖ്യധാരാ മാധ്യമ ചർച്ചാനായകൻ കരുന്നത് പോലെ ഒരു ട്രാൻസ്ജെൻഡറേയോ ആയിരുന്നില്ല ഭീഷ്മർജി കാണുന്നത്. ആ കാഴ്ചയിലേക്ക് എത്താൻ ഭീഷ്മർജിക്ക് എത്ര തലമുറകൾക്ക് ഒപ്പം ജീവിക്കേണ്ടി വന്നു എന്നതും ഓർക്കണം. ഇതിഹാസത്തിന്റെ ലക്ഷ്യവും ഇതുതന്നെ. മഹാഭാരതത്തിലെ ഏറ്റവും ശക്തവും മർമ്മപ്രധാനവുമായ കഥാപാത്രമാണ് ശിഖണ്ഡി. സങ്കോചം തെല്ലുമില്ലാതെ വേദവ്യാസിനെ തിരുത്തുന്ന ചാനൽ ചർച്ചാ നായകൻറെ ധൈര്യത്തെ സമ്മതിക്കുക തന്നെ വേണം. അജ്ഞതയെ ജ്ഞാനമായി കരുതുന്ന കാലത്തു മാത്രമേ ഒരാൾക്ക് എസ്എഫ്ഐ ആയാലും കമ്മ്യൂണിസ്റ്റ് പാർട്ടി ആയാലും അതിൽ തുടരാൻ പറ്റുകയുള്ളൂ. ഈ ചർച്ചാനായകന്റെ പശ്ചാത്തലം അതാണെന്ന് പല കുറി ചർച്ചയിലൂടെ തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട് .അദ്ദേഹം ഇപ്പോഴും അവിടെത്തന്നെ അകപ്പെട്ടു കിടക്കുന്നു എന്നതിൻറെ തെളിവാണ് പൊളിറ്റിക്കൽ കറക്റ്റ്നസ്സിലൂടെ വ്യാസനെ തിരുത്തുന്നത്. മഹാഭാരതം കുട്ടികൾക്ക് രസിക്കും പോലെ കഥ വായിച്ച് ആസ്വദിക്കാനും, അതേ സമയം ക്രിട്ടിക്കൽ തിങ്കിംഗ് എന്ന സങ്കേതത്തിലൂടെ മനുഷ്യനെ അവൻറെ ഉയർച്ചയുടെ പാരമ്യത്തിലേക്ക് എത്തിക്കാനും സഹായിക്കുന്നതാണ്. ഒരു മാധ്യമപ്രവർത്തകന് പ്രാഥമികമായി വേണ്ട ഗുണവിശേഷം എന്നത് ക്രിട്ടിക്കൽ തിങ്കിംഗ് ആണ്. അതിൻറെ അഭാവം സമൂഹത്തിൽ തെറ്റായ ധാരണകളും അജ്ഞതയും പടർത്തും. ജനായത്ത സംവിധാനം വർത്തമാനകാലത്ത് നേരിടുന്ന വെല്ലുവിളിയുമതാണ്.

Tags: