' സാനുരാമായണ' ത്തിൻ്റെ പിന്നിലെ കഥ ഓർക്കാൻ പറ്റിയ അവസരം

കെ.ജി. ജ്യോതിർഘോഷ്
Tue, 23-01-2024 03:30:45 PM ;എത്ര കിണഞ്ഞ് പരിശ്രമിച്ചാലും ഉത്തരേന്ത്യക്കാരിലെ പോലെ രാമൻ മലയാളിയിൽ വികാരമാവില്ല. കാരണം രാമായണം തന്നെ. രാമായണത്തെയും തുഞ്ചത്തെഴുത്തച്ഛനെയും മാറ്റി നിർത്തി മലയാളിക്ക് ജീവിതവുമില്ല, മലയാളവുമില്ല. കൊല്ലത്ത് മാതൃഭൂമിയുടെ എഡിഷൻ തുടങ്ങിയ കാലം. ഞാൻ ന്യൂസ് എഡിറ്റർ. പത്രാധിപർ കെ. ഗോപാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ കൊല്ലത്തു നടന്ന ഒരു സംയുക്ത വകുപ്പുതല യോഗം. അതിൽ സർക്കുലേഷൻ വർധനയ്ക്കായി മാനേജർ വിനോദ് ഒരു പദ്ധതി അവതരിപ്പിച്ചു. സ്പോൺസർഷിപ്പിലൂടെ സ്കൂളുകളിൽ പത്രമിടാൻ. വിദ്യാർത്ഥികൾക്ക് ഗുണകരവും ആകർഷകവുമാകുന്ന വിധത്തിൽ അത് രൂപപ്പെടുത്തുന്നത് നന്നാവുമെന്ന് ഞാൻ നിർദ്ദേശിച്ചു. പിറ്റേ ദിവസം വൈകീട്ട് ഞങ്ങൾ തയ്യാറാക്കിയ പദ്ധതിയാണ് ' മധുരം മലയാളം '. അടുത്ത കേരളപ്പിറവി ദിനത്തെ 'മലയാള മനോരമ ' പത്രം പൊന്നിൻ വെളിച്ചം കൊണ്ട് കണ്ണു ചിമ്മിപ്പിച്ചു. താഴെ മുതൽ മുകളറ്റം വരെയുള്ള ഒരു നിലവിളക്കിൻ്റെ ചിത്ര അകമ്പടിയോടെ. തുഞ്ചൻ പറമ്പിൽ നിന്ന് " എൻ്റെ മലയാളം " പദ്ധതിയുടെ ഉദ്ഘാടനം അറിയിച്ചു കൊണ്ട്. ഈ സ്കൂൾ പദ്ധതി " മധുരം മലയാള " ത്തിലൂടെ തുടങ്ങിയത് മാതൃഭൂമിയാണെങ്കിലും കൊട്ടും ഘോഷവുമൊന്നുമില്ലാതെ നിശബ്ദമായിരുന്നു. മനോരമ പത്രം കണ്ടാൽ ആദ്യമായി ഈ പദ്ധതി തുടങ്ങുന്നത് അവരാണെന്നു തോന്നും. മാത്രമല്ല തുടക്കം തുഞ്ചൻ പറമ്പിൽ നിന്ന്. അസാദ്ധ്യ സൗന്ദര്യമായിരുന്നു ആ പേജിന് . കണ്ണെടുക്കാതെ അതിൽ നോക്കി നിന്നപ്പോൾ തോന്നിയ ഒരാശയം. തുഞ്ചത്തെഴുത്തച്ഛൻ്റെ ഭൗതിക പശ്ചാത്തലം മനോരമ എടുത്തു. എങ്കിൽ എഴുത്തച്ഛൻ്റെ ആത്മാവ് ? അതെ! രാമായണം!!
'മാതൃഭൂമി ' യുടെ എഡിറ്റോറിയൽ പേജിൽ ഒരു വിദേശ കാർട്ടൂൺ സ്ട്രിപ്പ് തുടർച്ചയായി കൊടുത്തു തുടങ്ങാൻ ഏതാണ്ട് തീരുമാനിച്ച സമയം. മനോരമ പത്രം പിടിച്ചുകൊണ്ട് തന്നെ പത്രാധിപർ കെ.ഗോപാലകൃഷ്ണനെ വിളിച്ചു. മനോരമ പത്രം കണ്ട് ലേശം ഊർജ്ജ നഷ്ടം സംഭവിച്ചപോലെ തോന്നി അദ്ദേഹത്തിൻ്റെ സ്വരത്തിൽ. " ജാതി മത പ്രായ ഭേദമന്യേ ഏവർക്കും അവകാശപ്പെട്ട പൊതു സ്വത്താണ് രാമായണം. സ്വീകാര്യനായ ഒരു വ്യാഖ്യാതാവിനെക്കൊണ്ട് ഏതാനും വരികൾ ദിവസവും എഡിറ്റോറിയൽ പേജിൽ കാർട്ടൂൺ സ്ട്രിപ്പിനു പകരം കൊടുത്താൽ അതായിരിക്കും നന്നാവുക. സാധാരണക്കാരനിലേക്ക് രാമായണം എത്തുകയും ചെയ്യും. " . ആരെക്കൊണ്ട് ചെയ്യിക്കും ? പത്രാധിപർ തിരക്കി. സാനുമാഷിനെ ഞാൻ നിർദ്ദേശിച്ചു. എങ്കിൽ മാഷുമായി സംസാരിക്കാൻ അദ്ദേഹം പറഞ്ഞു. മാഷിനെ വീട്ടിൽ വിളിച്ചപ്പോൾ അദ്ദേഹം തൃശ്ശൂരിൽ പോയിരിക്കുന്നു. മാഷിൻ്റെ പക്കൽ അന്ന് മൊബൈലില്ല. തൃശ്ശൂരിൽ എൻ്റെ ഭാര്യാപിതാവ് ഐ.എം.വേലായുധനെ വിളിച്ചു. അവർ സുഹൃത്തുക്കളാണ്. സാനുമാഷ് സാഹിത്യ അക്കാദമിയിൽ ഉണ്ടെന്ന് അദ്ദേഹത്തിൽ നിന്നറിഞ്ഞു. ഉടൻ തൃശ്ശൂർ മാതൃഭൂമി ബ്യൂറോ ചീഫ് ടി . അരുൺകുമാറിനെ വിളിച്ചു. അരുൺകുമാർ റെയിൽവേ സ്റ്റേഷനിലിറങ്ങി ഓട്ടോറിക്ഷയിൽ ഓഫീസിലേക്കു പോകുന്ന വഴി. അരുൺകുമാർ അതേ ഓട്ടോറിക്ഷ സാഹിത്യ അക്കാദമിയിലേക്ക് തിരിപ്പിച്ചു. അവിടെയെത്തുന്ന സമയം കൊണ്ട് അരുൺകുമാറിനെ കാര്യം ധരിപ്പിച്ചു. അദ്ദേഹം അക്കാദമിയിൽ ചെന്ന പാടെ മാഷിനെ കണ്ടു. ആമുഖമായി സംസാരിച്ചതിനു ശേഷം കട്ട് ചെയ്യാതിരുന്ന ഫോൺ മാഷിനു കൊടുത്തു. കാര്യം കേട്ടപ്പോൾ മാഷ് ഞെട്ടി. " അയ്യോ, എഴുത്തച്ഛൻ്റെ രാമായണമോ? അതിനെനിക്ക് ആയുസ്സുണ്ടാകുമോ? എന്നു തീരാനാണ്? " മാഷ് പറഞ്ഞതെല്ലാം കേട്ട ശേഷം മാഷിനോട് തിരക്കി, " രാമായണത്തിൻ്റെ അഞ്ചോ ആറോ വരി മാഷിന് ദിവസവും ഒരാറാംക്ലാസ് കുട്ടിക്ക് മനസ്സിലാകുന്ന വിധം വ്യാഖ്യാനിച്ചു തരാൻ പറ്റുമോ? അതൊക്കെ പറ്റും എന്നാലും ..... എന്നായിരുന്നു മറുപടി. അതുമതി എന്നു പറഞ്ഞപ്പോൾ എന്നുമുതൽ വേണമെന്ന് മാഷ്. ഇന്നു മുതലാണെങ്കിൽ നന്ന് , ഞാൻ പറഞ്ഞു. വൈകീട്ട് നാല് മണിയായപ്പോൾ മാഷിൻ്റെ വിളി. മാറ്റർ റെഡി. കൊച്ചി ഓഫീസ് വഴി അതെടുപ്പിച്ച് കോഴിക്കോട്ട് ആർട്ടിസ്റ്റ് മദനന് ഫാക്സ് ചെയ്യിപ്പിച്ചു. അന്നു വൈകീട്ടത്തെ പത്രാധിപരുടെ അധ്യക്ഷതയിലുള്ള എഡിറ്റോറിയൽ മീറ്റിംഗ് നടക്കുമ്പോൾ മദനൻ്റെ ചിത്രീകരണത്തോടു കൂടി സാനുമാഷിൻ്റെ രാമായണ വ്യാഖ്യാനാരംഭം റെഡി. പിറ്റെ ദിവസം മുതൽ ആരംഭിക്കുന്നു. ബാക്കി ചരിത്രം. വായനക്കാരുടെ ആവേശത്തോടെ യുള്ള പ്രതികരണം പ്രതീക്ഷിക്കാവുന്നതിൽ അപ്പുറമായിരുന്നു. മൂന്നു കൊല്ലങ്ങൾക്കു ശേഷം ഞാൻ കൊച്ചിയിൽ ന്യൂസ് എഡിറ്റായിരിക്കുമ്പോഴാണ് രമായണ വ്യാഖ്യാനം അവസാനിക്കുന്നത്. മാഷിൻ്റെ പ്രിയ ശിഷ്യൻ ഡോ. തോമസ് മാത്യുവിൻ്റെ അകമ്പടി ലേഖനത്തോടെയാണ് വ്യാഖ്യാനം അവസാനിപ്പിക്കുന്നത്.
ഇതാണ് രാമായണത്തിൻ്റെ ശക്തി. കാലത്തിൻ്റെ ഗതിയിലൂടെ മാസ്മരിക ഭംഗിയുള്ള ഓളങ്ങളായി ഒഴുകും. നമ്മൾ പോലുമറിയാതെ. പുതുമകൾ തീർത്തു കൊണ്ട്.ഇതേ ഒഴുക്കിൽ ചിലപ്പോൾ ചിലയിടങ്ങളിൽ ചുഴിയുണ്ടായെന്നിരിക്കും. എങ്കിലും പുഴയെന്നാൽ ആവർത്തിക്കപ്പെടാത്ത ഓളങ്ങളാണ്. ചുഴിയല്ല. ചുഴി കണ്ടാൽ അതിൽ പെടാതിരിക്കണം. സമാന്യ ബുദ്ധി മതി അതിന്. ഒഴുക്കും ഓളവും പോലെ ഒന്നിൽ നിന്ന് അടുത്തതിൽ തട്ടിത്തട്ടിയുണ്ടായ ഗതി നോക്കുക. പത്രപ്രചാരത്തിനായി തയ്യാറാക്കിയ ഒരു സർക്കുലേഷൻപദ്ധതി. അത് ' മധുരം മലയാള' മാവുന്നു. മനോരമ അതേ പദ്ധതി അതിഗംഭീരമായി തുടങ്ങുന്നു. അതിൻ്റെ അറിയിപ്പിൻ്റെ ഗാംഭീര്യ ഭംഗി ആസ്വദിക്കുന്നു. ആ ഊർജ്ജത്തിൽ നിന്ന് ഒരാശയം. അഞ്ചു മിനിട്ടുകൊണ്ട് ആ ആശയം ജീവൻ വയ്ക്കുന്നു. മലയാളമുള്ളിടത്തോളം കാലം ഭാഷയ്ക്കും സംസ്കാരത്തിന്നും വൻ മുതൽകൂട്ടായി സാനു മാഷിൻ്റെ രാമായണം. മാതൃഭൂമി ബുക്സ് അത് പുസ്തകമാക്കി പുറത്തിറക്കിയ അന്നു മുതൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളിൽ ഒന്ന് . ഇപ്പോഴും അത് അനുസ്യൂതം വിൽക്കപ്പെട്ടു കൊണ്ടിരിക്കുന്നു. സാനുമാഷ് പോലും മുൻകൂട്ടി വിചാരിക്കാതെ അദ്ദേഹത്തിൽ നിന്നും സംഭവിച്ച കൃതി.എല്ലാം നിമിത്തങ്ങൾ. അതാണ് പ്രവാഹത്തിൻ്റെ ലാസ്യഭംഗി. ബുദ്ധിജീവികളെ സൂക്ഷിക്കുക. അവർ പുഴയിലിറങ്ങാതെ പുഴയിലിറങ്ങുന്നവരെ ചുഴിയിൽ പെടുത്തിക്കളയും.

Tags: