ക്രൂരതയുടെ മുന്നിൽ ആർദ്രമായ പോലീസ്മുഖം

Glint Desk
Sun, 17-12-2023 03:45:00 PM ;

Picture courtesy Manorama ഇരുട്ടിന്റെ പശ്ചാത്തലത്തിൽ വെളിച്ചത്തെ അറിയുന്നത് പോലെ ക്രൂരതയുടെ നടുവിൽ മനുഷ്യത്വം തിളങ്ങിനിൽക്കുന്നു. കായംകുളത്ത് നവകേരളസദസ്സ് ബസിന് നേരെ കരിങ്കൊടി കാണിച്ച രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മുളവടി കൊണ്ട്തല്ലിച്ചതച്ച രംഗം അതാണ് ഓർമിപ്പിക്കുന്നത്.കരിങ്കൊടി കാണിച്ച് രണ്ടുപേരെയും പോലീസ് വലിയ ബലപ്രയോഗം ഇല്ലാതെതന്നെ പിടിച്ചു റോഡിലെ കടയരികിലേക്ക് മാറ്റി . പാവങ്ങൾ തങ്ങളുടെ ദൗത്യം കഴിഞ്ഞു എന്ന ഭാവത്തിൽ പോലീസ് കസ്റ്റഡിയിൽ തുടരുന്നു. അപ്പോഴാണ് നീണ്ട മുളവടിയുമായി മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ഓടിവന്ന് ഈ യുവാക്കളെ തല്ലിച്ചതച്ചത്. മുഖത്തും തലയിലുമൊക്കെ തല്ലുകൊണ്ട് സ്കൂൾ കുട്ടികളെപ്പോലെ അവർ നിലവിളിച്ചു . തങ്ങളുടെനടുവിൽ നിൽക്കുന്ന കുട്ടികളെ ഗൺമാൻമാർ മുളവടികൊണ്ട് തല്ലി ചതക്കുന്നതു കണ്ട് പോലീസുകാർ സ്തബ്ദരായി. എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാൻ അവർ ഒരു നിമിഷമെടുത്തു. പിന്നെ തല്ലിച്ചതയ്ക്കലിന് മുകസാക്ഷികളായി. ഗൺമാൻമാർ തല്ലിച്ചതച്ച് മതിയായി പിന്മാറി. തുടർന്ന് അടി കൊണ്ട് തലയും മുഖവും പൊട്ടിയ യുവാവിനെ കരുതലോടെന്നവണ്ണം ഒരു പോലീസുകാരൻ പിടിച്ചെഴുന്നേൽപ്പിച്ചു ചേർത്തു നിർത്തി. ആ പോലീസ്കോൺസ്റ്റബിളിന്റെ മുഖത്തെ ദയനീയതയും നിസ്സഹായതയും മുഖവും തലയും പൊട്ടിയ യുവാവിനോടുള്ള സഹതാപവും അനിർവചനീയമായിരുന്നു. സമീപകാലങ്ങളിൽ കണ്ട മനുഷ്യത്വ ഭാവത്തിന്റെ ആർജ്ജവം തുളുമ്പിയ ഭാവമായിരുന്നു ആ പോലീസുകാരുടേത്.

Tags: