ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ പതറി നിന്ന ഇന്ത്യന്‍ കൗമാര ടീമിന് അണ്ടര്‍ 17 ലോകകപ്പില്‍ നിന്ന് തോല്‍വിയോടെ വിട.അവസാന മത്സരത്തില്‍ ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ ഇന്ത്യക്ക് വന്‍ തോല്‍വിയോടെയാണ് മടക്കം. എതിരില്ലാത്ത നാലുഗോളിനാണ് ഘാനയോട് ഇന്ത്യ തോറ്റത്.
നേരത്തെ യൂ.എസ്.എയോടും കൊളംബിയയോടും കളിച്ച ടീമില്‍ നിന്ന് നാലു മാറ്റങ്ങളോടെയാണ് ഇന്ത്യ ഘാനക്കെതിരെ കളിക്കാനിറങ്ങിയത്.
പക്ഷെ കോച്ച് ഡി മാറ്റോസിന്റെ തന്ത്രങ്ങള്‍ ഒന്നും ഫലംകണ്ടില്ല.
ആക്രമണ ശൈലിയില്‍ കളിതുടങ്ങിയ ഇന്ത്യ ആദ്യ കുറച്ച് സമയത്ത് മികച്ച കളി പുറത്തെടുത്തു.ഒരു കോര്‍ണര്‍ കിക്കും ലഭിച്ചു.പക്ഷെ ഒന്നും മുതലെടുക്കാനായില്ല. പിന്നീട് അങ്ങോട്ട് ഇന്ത്യക്ക് അടിതെറ്റി. ആദ്യം ആക്രമിച്ച് കളിച്ച മുന്നേറ്റങ്ങള്‍ പിന്നീട് തുടരാനായില്ല.
ഒടുവില്‍ 42ാം മിനിറ്റില്‍ ഘാനക്ക് ആദ്യ ഗോള്‍.ഒന്നാം പകുതി ഗോള്‍ രഹിതമായി പൂര്‍ത്തിയാക്കാമെന്ന് കരുതിയിരുന്ന ഇന്ത്യക്ക് ആദ്യ പ്രഹരം.
രണ്ടാം പകുതിയില്‍ തളര്‍ന്ന് കളിച്ച ഇന്ത്യക്ക് അതിന്റെ ഫലവും കിട്ടി.ആദ്യ പകുതിയില്‍ തന്നെ ക്ഷീണിതരായ ഇന്ത്യക്ക് രണ്ടാം പകുതിയില്‍ ഘാനയോട് പിടിച്ച് നില്‍ക്കാനായില്ല.മൂന്ന് ഗോളുകളാണ് രണ്ടാം പകുതിയില്‍ ഇന്ത്യന്‍ ഗോള്‍ ലൈന്‍ കടന്നത്.
രണ്ടാം പകുതിയില്‍ നിരന്തരം ആക്രമിച്ചാണ് ഘാന കളിച്ചത്. 51ാം മിനിറ്റിലും പിന്നീട് കളിതീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ 87ാം മിനിറ്റിലും 89 ാം മിനിറ്റിലും ഘാന ഗോളുകള്‍ നേടി.ഘാനക്കായി ക്യാപ്റ്റന്‍ എറിക് ഐയ രണ്ട് ഗോളുകള്‍ നേടി. റിച്ചാര്‍ഡ് ഡാന്‍സോ , ഇമ്മാനുവല്‍ ടോക്കു എന്നിവര്‍ ഓരോ ഗോള്‍ വീതം സ്‌കോര്‍ ചെയ്തു.