നിര്‍ണ്ണായകം അവസാന അങ്കം

ആസിഫ് മുഹമ്മദ്‌
Thu, 12-10-2017 01:14:30 PM ;

under 17 Indian_Team

കൊളംബിയക്ക് എതിരെയുള്ള തോല്‍വിക്ക് ശേഷം അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ഘാനക്കെതിരെ കളത്തിലിറങ്ങും.അവസാന മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും കളിക്കാരും ആരാധകരും  ആഗ്രഹിക്കുന്നില്ല. കൊളംബിയയോട് 2-1 ന് പരാജയപ്പെട്ടപ്പോള്‍ തന്നെ ഇന്ത്യയുടെ രണ്ടാം റൗണ്ട് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. പക്ഷെ നേരിയ പ്രതീക്ഷകള്‍ ഇനിയും ബാക്കിയുണ്ട്.

 

ഇന്നത്തെ മത്സരത്തില്‍ ഘാനയെ ഇന്ത്യ തോല്പിക്കുകയും കൊളംബിയ യു.എസ്.എ യോട് മൂന്ന് ഗോളിനെങ്കിലും പരാജയപ്പെടുകയും ചെയ്താല്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാം. ഇതാണ് രണ്ടാം റൗണ്ടിലേക്കുള്ള ഇന്ത്യയുടെ ഒരു സാധ്യത.

 

ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യ 5 ഗോളാണ് വഴങ്ങിയത്, ഒരെണ്ണം മാത്രമേ തിരിച്ചടിച്ചിട്ടൊള്ളൂ എന്നതിനാല്‍ വന്‍ മാര്‍ജിനില്‍ ഘാനയെ തോല്‍പിച്ചാലും ഇന്ത്യയ്ക്ക് യോഗ്യത നേടാം. കൊളംബിയ യു.എസ്.എ മത്സരഫലം ഇന്ത്യയെ ബാധിക്കുകയുമില്ല. കുറഞ്ഞത് മൂന്ന് ഗോളിനെങ്കിലും ഇന്ത്യ ജയിക്കണം. എങ്കില്‍ മാത്രമേ ഈ സാധ്യതക്ക് വകയുള്ളൂ. അങ്ങനെയെങ്കില്‍ ആറ് ഗ്രൂപ്പില്‍ നിന്നും മൂന്നാം സ്ഥാനത്തെത്തിയ മികച്ച നാല് ടീമുകളില്‍ ഒന്നായി ഇന്ത്യക്ക് യോഗ്യത നേടാം.

 

രണ്ടാം റൗണ്ടില്‍ 16 ടീമുകളാണ് മത്സരിക്കുക. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് നേരിട്ട് യോഗ്യത ലഭിക്കും.പിന്നീട്  ഗ്രൂപ്പ് തലത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച മൂന്നാം സ്ഥാനക്കരായ നാല് ടീമുകള്‍ക്കും കൂടി പ്രവേശനം ലഭിക്കും. ഘാന,നൈജര്‍,കോസ്റ്ററീക്ക,ഇറാക്ക് ടീമുകളാണ് ഇപ്പോള്‍ മികച്ച മൂന്നാം സ്ഥാനക്കാരായി ഇടം പിടിച്ചിട്ടുള്ളത്.

 

ഇന്ത്യക്ക് ചുരുങ്ങിയ സാധ്യതകള്‍ മാത്രമാണെങ്കിലും അത്ഭുതം സംഭവിക്കും എന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.കളിക്കാരും ടീം മാനേജ്‌മെന്റുമെല്ലാം തന്നെ ആത്മവിശ്വാസവും പ്രതീക്ഷയും കൈവിട്ടിട്ടില്ല.ഘാനക്കെതിരെ ജയത്തില്‍ കുറഞ്ഞത് ഒന്നും ടീം ചിന്തിക്കുന്നില്ല എന്ന് ഇന്ത്യന്‍ കോച്ച് ലൂയിസ് നോട്ടന്‍ ഡി മറ്റോസ് പറഞ്ഞു.

 

ഇന്ന് വൈകിട്ട് 8 മണിക്ക് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ അവസാനവും നിര്‍ണ്ണായകവുമായ മത്സരം.

 

 

Tags: