ഞങ്ങളുടെ ജി ചെയ്ത തെറ്റ് എന്താണ്; കുഴല്‍ പണത്തില്‍ കെ സുരേന്ദ്രനെ പരിഹസിച്ച് ഹരീഷ് പേരടി

Glint desk
Thu, 03-06-2021 10:50:06 AM ;

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകാന്‍ സി.കെ ജാനു കെ.സുരേന്ദ്രനോട് പത്ത് കോടി രൂപ ആവശ്യപ്പെട്ടുവെന്ന് ജെ.ആര്‍.പി ട്രഷറര്‍ പ്രസീതയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. ഒരു പാവപ്പെട്ട ദളിത് സ്ത്രിയുടെ കടബാദ്ധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടി സഹായിക്കാന്‍ ശ്രമിക്കുകയും അവരുടെ സാമൂഹ്യ സാമ്പത്തിക നിലവാരം ഉയര്‍ത്താന്‍ ശ്രമിച്ചതാണോ ഞങ്ങളുടെ ജി ചെയ്ത തെറ്റെന്ന് സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ ഹരീഷ് പേരടി ചോദിച്ചു. ലക്ഷദീപില്‍ വികസനം നടത്താന്‍ വേണ്ടി കഷ്ടപ്പെടുന്നതിനിടയിലാണ് രാജ്യദ്രോഹികള്‍ പുതിയ കുഴല്‍പണ വാര്‍ത്തയുമായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹരീഷ് പേരടിയുടെ സോഷ്യല്‍ മീഡിയ കുറിപ്പ്;

ഒരു പാവപ്പെട്ട ദളിത് സ്ത്രിയുടെ കടബാദ്ധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടി സഹായിക്കാന്‍ ശ്രമിക്കുകയും അവരുടെ സാമൂഹ്യ സാമ്പത്തിക നിലവാരം ഉയര്‍ത്താന്‍ ശ്രമിച്ചതുമാണോ ഞങ്ങളുടെ ജി ചെയ്ത തെറ്റ്...7ന് ദേശീയ നേതാവ് വരുന്നതിനുമുമ്പ് 6 ന് കാശായി കൈയ്യില്‍ കൊടുക്കാം എന്ന് വാക്ക് പറഞ്ഞതാണോ ഞങ്ങളുടെ ജിയുടെ തെറ്റ് ...വാക്കാണ് വലുത് എന്ന് നമുക്ക് എല്ലാവര്‍ക്കുമറിയാവുന്നതല്ലെ?..ഇതു കൊണ്ടാണ് നിങ്ങളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ഞങ്ങള്‍ ഇടക്കിടെ പറഞ്ഞു കൊണ്ടിരിക്കുന്നത്..നിങ്ങളില്ലാത്ത ഈ രാജ്യത്ത് ഞങ്ങള്‍ക്ക് ഹെലികോപ്റ്റര്‍ ഇല്ലാതെ തന്നെ പാവപ്പെട്ടവര്‍ക്ക് കാശുക്കൊടുത്ത് സഹായിക്കാന്‍ പറ്റും..ലക്ഷദ്വീപില്‍ വികസനം നടത്താന്‍ വേണ്ടി കഷ്ടപ്പെടുന്നതിനിടയിലാണ് രാജ്യദ്രോഹികള്‍ പുതിയ കുഴല്‍പണ വാര്‍ത്തയുമായി ഇറങ്ങിയിരിക്കുന്നത്..നല്ലത് ആര് ചെയ്താലും നല്ലതാണെന്ന് പറയാന്‍ പറ്റണം..അതിനൊക്കെ രാജ്യ സ്‌നേഹം വേണടോ..രാജ്യസ്‌നേഹം..

Tags: