ബാബു ആന്റണി അയച്ച സന്ദേശത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; പ്രമുഖരുടെ ശുപാര്‍ശ വേണമെന്നുള്ള തെറ്റായ സന്ദേശമെന്ന് ഹരീഷ് പേരടി

Glint desk
Mon, 31-05-2021 11:01:13 AM ;

കൊവിഡ് രോഗിയായ യുവതിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ബാബു ആന്റണി അയച്ച സന്ദേശത്തിന് മുഖ്യമന്ത്രിയില്‍ നിന്നും ഉടനടി നടപടി ഉണ്ടായതായി കഴിഞ്ഞ ദിവസം താരം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ജനാധിപത്യ സംവിധാനത്തിന് ചേരാത്ത നടപടിയാണ് ഇതെന്ന് നടന്‍ ഹരീഷ് പേരടി സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചു.

ആരുമില്ലാത്ത ഒരുപാട് കൊവിഡ് രോഗികള്‍ ഇനിയും ബാക്കിയുണ്ട്. ഇവര്‍ക്കൊക്കെ മുഖ്യമന്ത്രിയുടെ നമ്പര്‍ കിട്ടിയാല്‍ നല്ല ചികില്‍സ കിട്ടുമെന്നും ശുപാര്‍ശ ചെയ്യാന്‍ ഏതെങ്കിലും പ്രമുഖര്‍ കൂടി വേണമെന്നുള്ള ഒരു തെറ്റായ സന്ദേശമാണ് ഈ വാര്‍ത്ത ബോധ്യപ്പെടുത്തുന്നത്. ഇങ്ങനെയാണ് പുതിയ രീതിയെങ്കില്‍ സാധാരണക്കാര്‍ക്കും മുഖ്യമന്ത്രിയുടെ നമ്പര്‍ നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബാബു ആന്റണിയുടെ ഒരു ഫാന്‍ കൂടിയായ യുവതി കൊറോണയാണെന്നും തീരെ സുഖമില്ലെന്നും പറഞ്ഞ് അദ്ദേഹത്തിന് മെസേജ് അയച്ചിരുന്നു. ഹെല്‍ത്തില്‍ വിളിച്ചപ്പോള്‍ അടുത്ത ദിവസം വരാമെന്ന് പറഞ്ഞിട്ടുണ്ടെന്നും യുവതി ബാബു ആന്റണിയോട് പറഞ്ഞു. തീരെ അവശ നിലയിലാണ് യുവതിയെന്ന് മനസിലാക്കിയ ബാബു ആന്റണി മുഖ്യമന്ത്രിയുടെ നമ്പറിലേക്ക് മെസേജ് അയക്കുകയായിരുന്നു. താന്‍ മെസേജ് അയച്ച് മുക്കാല്‍ മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രി നടപടിയെടുത്തുവെന്നും ഇത് യുവതിയിലൂടെയാണ് താന്‍ അറിയുന്നതെന്നും ബാബു ആന്റണി ദ ക്യുവിനോട് പറഞ്ഞു.

കൊല്ലം ജില്ലാകളക്ടര്‍ നേരിട്ട് ഇടെപെട്ടാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് എറണാകുളം ജില്ലാ കളക്ടര്‍ വിളിച്ചറിയിച്ചതനുസരിച്ച് അവരെ എറണാകുളത്തേക്ക് മാറ്റുകയായിരുന്നു . പിന്നീട് യുവതി ബാബു ആന്റണിയെ വിളിച്ച് താങ്കള്‍ പരാതി പറഞ്ഞതുകൊണ്ടാണ് ഇങ്ങനെയല്ലാം നടന്നതെന്നും താന്‍ രക്ഷപ്പെട്ടതെന്നും പറഞ്ഞു . എന്നാല്‍ താന്‍ മുഖ്യമന്ത്രിക്ക് സന്ദേശമയക്കുക മാത്രമാണ് ചെയ്തതെന്ന് ബാബു ആന്റണി ദ ക്യുവിനോട് പറഞ്ഞു.

Tags: