സിനിമാ പ്രതിസന്ധി അവസാനിക്കുന്നു, സെക്കന്‍ഡ് ഷോയ്ക്ക് സാധ്യത

Glint desk
Sun, 07-03-2021 12:32:58 PM ;

സെക്കന്‍ഡ് ഷോ അനുവദിക്കാത്തത് മൂലം മലയാള ചലച്ചിത്ര മേഖല നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാകുന്നു. സെക്കന്‍ഡ് ഷോ അനുവദിക്കാത്തത് മൂലം മാര്‍ച്ച് റിലീസുകള്‍ കൂട്ടത്തോടെ മാറ്റി വെക്കാന്‍ തീരുമാനിച്ചിരുന്നു. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ്, മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ എന്നിവ നേരത്തെ പ്രഖ്യാപിച്ച റിലീസ് ഡേറ്റില്‍ നിന്ന് മാറ്റിയിരുന്നു. 50 ഓളം സിനിമകള്‍ റിലീസിന് തയ്യാറായി നില്‍ക്കുമ്പോള്‍ സെക്കന്‍ഡ് ഷോ ഇല്ലാത്തത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്നലെ ചീഫ് സെക്രട്ടറിയുമായി ഫിലിം ചേംബര്‍ ഭാരവാഹികള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായാണ് സൂചന. അടുത്തയാഴ്ച മുതല്‍ സെക്കന്‍ഡ് ഷോ അനുവദിച്ചേക്കുമെന്നാണ് വിവരം.

ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രിക്ക് തുടര്‍ച്ചയായി നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഫിലിം ചേംബര്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. സെക്കന്‍ഡ് ഷോ അനുവദിക്കുക, വിനോദ നികുതി ഒഴിവാക്കിയത് മാര്‍ച്ച് 31 ശേഷവും നീട്ടുക തുടങ്ങിയ ആവശ്യങ്ങളാണ് ചലച്ചിത്ര മേഖലക്കുള്ളത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രിയുമായി സെക്കന്‍ഡ് ഷോ വിഷയത്തില്‍ ചര്‍ച്ചയും സാധ്യമായിരുന്നില്ല.

സെക്കന്‍ഡ് ഷോ പുനസ്ഥാപിക്കാന്‍ സെക്രട്ടറിയേറ്റ് ധര്‍ണ ഉള്‍പ്പെടെ പ്രതിഷേധ പരിപാടികള്‍ ചലച്ചിത്ര സംഘടനകള്‍ ആലോചിച്ചിരുന്നു. പാര്‍വതി തിരുവോത്ത് നായികയായ വര്‍ത്തമാനം മാര്‍ച്ച് 12ന് 300 സ്‌ക്രീനുകളിലായി റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രങ്ങളായ ദി പ്രീസ്റ്റ്, വണ്‍, പാര്‍വതിയും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളായ ആര്‍ക്കറിയാം, ടൊവിനോ തോമസ് നായകനായ കള എന്നിവ മാര്‍ച്ച് റിലീസായി ആലോചിച്ചിരുന്ന സിനിമകളാണ്.

Tags: