മികച്ച നടന്‍ ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങള്‍; ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി മൂത്തോന്‍

Glint desk
Mon, 03-08-2020 11:28:50 AM ;

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി മൂത്തോന്‍. ഗീതു മോഹന്‍ദാസാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച ചിത്രമായി മൂത്തോന്‍ തിരഞ്ഞെടുത്തപ്പോള്‍ ചിത്രത്തിലെ അഭിനയത്തിന് നിവിന്‍ പോളി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. സഞ്ജന ദീപു മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ടു. 

കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് മേള സംഘടിപ്പിച്ചത്. ഫലപ്രഖ്യാപനവും ഓണ്‍ലൈന്‍ വഴിയാണ് നടന്നത്. 2019 സെപ്തംബറില്‍ ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ അന്തര്‍ദേശീയ പ്രീമിയറിന് ശേഷം തീയേറ്റര്‍ റിലീസ് നടന്ന ചിത്രം വലിയ നിരൂപക ശ്രദ്ധ നേടിയിരുന്നു. 14 വയസ്സുള്ള കുട്ടി തന്റെ ജ്യേഷ്ഠനെ തേടി ലക്ഷദ്വീപില്‍ നിന്ന് മുംബൈയില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഗീതു മോഹന്‍ദാസ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.രാജീവ് രവിയാണ് ഛായാഗ്രഹണം. 

ശശാങ്ക് അറോറ, ശോഭിത ധുളിപാല,റോഷന്‍ മാത്യു, സുജിത് ശങ്കര്‍, മെല്ലിസ്സ രാജു തോമസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Tags: