സുശാന്ത് വിഷാദ രോഗിയല്ല, ആത്മഹത്യ ചെയ്യില്ല; അങ്കിത ലൊഖാന്‍ഡെ

Glint desk
Fri, 31-07-2020 12:39:21 PM ;

സുശാന്ത് സിങ് രാജ്പുത് വിഷാദരോഗത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത് എന്ന് വിശ്വസിക്കില്ലെന്ന് നടിയും സുശാന്തിന്റെ മുന്‍ കാമുകിയുമായിരുന്ന അങ്കിത ലൊഖാന്‍ഡെ. റിപബ്ലിക് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. സുശാന്തിന്റെ കാമുകി റിയ ചക്രബര്‍ത്തിക്കെതിരെ അങ്കിത മൊഴി നല്‍കിയിരുന്നു. റിയ തന്നെഉപദ്രവിക്കുന്നതായി സുശാന്ത് വെളിപ്പെടുത്തിയതായാണ് മൊഴി.

''സുശാന്തിനെ വര്‍ഷങ്ങളായി എനിക്കറിയാം. അദ്ദേഹത്തിന് വിഷാദരോഗമൊന്നുമുണ്ടായിരുന്നില്ല. സുശാന്ത് ഇതിനേക്കാള്‍ വലിയ പ്രശ്‌നങ്ങളിലൂടെ കടന്നുപോയൊരു വ്യക്തിയാണ്. അതെല്ലാം നേരിട്ട് കണ്ടിട്ടുള്ള ആളെന്ന നിലയില്‍ എനിക്ക് ഉറപ്പിച്ച് പറയാനാകും, സുശാന്തിന് വിഷാദരോഗമില്ല. ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന സമയത്ത് സുശാന്ത് ജീവിതത്തെ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരു വ്യക്തിയായിരുന്നു. ഒരുപാട് സ്വപ്നം കാണാറുണ്ടായിരുന്നു. സുശാന്തിന് ഒരു ഡയറിയുണ്ടായിരുന്നു. അതില്‍ അദ്ദേഹം അഞ്ച് ആഗ്രഹങ്ങള്‍ കുറിച്ചിട്ടിരുന്നു. അതെല്ലാം കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ നേടിയെടുത്തു. സുശാന്തിന് ആത്മഹത്യ ചെയ്യാനാകില്ല. എന്തെങ്കിലും തരത്തിലുള്ള വിഷമമോ ഉത്കണഠയോ ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ അതിനെ വിഷാദം എന്ന് വിളിക്കുന്നത് കാണുമ്പോള്‍ ഹൃദയം തകരുന്നു. അതില്‍ എന്തൊക്കെയോ ദൂരൂഹതകളുണ്ട്'' എന്നാണ് അങ്കിത പറഞ്ഞത്.

പവിത്ര റിഷ്ത  എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിക്കുന്ന സമയത്താണ് സുശാന്തും അങ്കിതയും പ്രണയത്തിലാകുന്നത്. 2016 ല്‍ ഇവര്‍ വേര്‍പിരിഞ്ഞുവെങ്കിലും സൗഹൃദം തുടര്‍ന്നിരുന്നു.

സുശാന്തിനെ സാമ്പത്തികമായും മാനസികമായും തളര്‍ത്തിയത് റിയയാണെന്നാണ് നടന്റെ പിതാവ് കെ.കെ സിങ് നല്‍കിയ പരാതിയില്‍ പറയുന്നത്.

Tags: