ചുരുളി തീയേറ്ററില്‍ കാണേണ്ട സിനിമ; റിലീസിന് വ്യത്യസ്ത മാര്‍ഗവുമായി ലിജോ ജോസ് പെല്ലിശ്ശേരി

Glint desk
Sun, 26-07-2020 06:01:39 PM ;

കൊവിഡ് കാലത്ത് ആര്‍ടിസ്റ്റുകള്‍ നേരിടുന്ന സര്‍ഗാത്മക പ്രതിസന്ധിയെ കുറിച്ചും തന്റെ പുതിയ ചിത്രമായ ചുരുളിയെ കുറിച്ചും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ചുരുളി തിയേറ്ററില്‍ തന്നെ പോയ് കണ്ട് ആസ്വദിക്കേണ്ട സിനിമയാണെന്നും വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് ഉപയോഗിച്ച് ചിത്രം റിലീസ് ചെയ്യാന്‍ ആലോചിക്കുന്നതായുമാണ് സംവിധായകന്‍ എഫ്.ബി പോസ്റ്റില്‍ പറയുന്നത്. 

ക്രിസ്റ്റഫര്‍ നോളന്റെ ടെനറ്റ് ഓണ്‍ലൈന്‍ റിലീസായി എത്തുമെന്ന അഭ്യൂഹങ്ങള്‍ തന്നെ വളരെ അധികം വേദനിപ്പിക്കുന്നുണ്ടെന്നും സംവിധായകന്‍ പറയുന്നു.

വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് എല്ലാവര്‍ക്കും വാങ്ങാനാവില്ല എന്ന സാഹചര്യത്തില്‍ മറ്റ് സംവിധാനങ്ങളെ കുറിച്ച ആലോചിക്കുന്നുണ്ടെന്നും പഴയ സിനിമാ ലൈബ്രറികള്‍ പോലെ വിആര്‍ ഉപകരണങ്ങളുടെ ഒരു വിതരണശൃംഖലയാണ് ഉദ്ദേശിക്കുന്നതെന്നും ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കുന്നു. 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു ആര്‍ട്ടിസ്റ്റ് നേരിടുന്ന സര്‍ഗാത്മക പ്രതിസന്ധിയെക്കുറിച്ച് പറയാനാണ് ഈ പോസ്റ്റ്. 'ടെനെറ്റ്' ഓണ്‍ലൈന്‍ ആയി റിലീസ് ചെയ്തേക്കുമെന്ന അഭ്യൂഹങ്ങള്‍ പോലും വ്യക്തിപരമായി വിഷമിപ്പിച്ചു. പല ചലച്ചിത്രോത്സവങ്ങളും ഓണ്‍ലൈന്‍ പേജുകളിലേക്കും വീഡിയോകളിലേക്കും ചുരുങ്ങിയിരിക്കുന്നു. തിയേറ്ററുകളില്‍ ആഘോഷിക്കപ്പെടേണ്ടിയിരുന്ന ഈ സംഭവങ്ങളുടെ നടത്തിപ്പ് പേരിനുവേണ്ടി മാത്രമായി മാറി.

എന്റെ പുതിയ ചിത്രം 'ചുരുളി'യും തിയേറ്ററുകളില്‍ നിന്നു കണ്ടാല്‍ മാത്രം പൂര്‍ണ്ണമായും അനുഭവിക്കാനാവുന്ന ഒന്നാണ്. പക്ഷേ ഈ സാഹചര്യത്തില്‍ അത് സാധിക്കാതെ വന്നിരിക്കുന്നു. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ റിലീസ്, ചലിക്കുന്ന സിനിമാ കൊട്ടകകള്‍, 20 പേര്‍ക്കു മാത്രം ഇരുന്നു കാണാവുന്ന മോഡുലാര്‍ തീയേറ്ററുകള്‍... പോംവഴിയായി അങ്ങനെ പലതും ആലോചിച്ചു. പക്ഷേ സാമൂഹിക അകലം പാലിക്കലിന് ഏറെ പ്രാധാന്യമുള്ള ഈ സമയത്ത് നിയമപരമായി ഏറെ തടസ്സങ്ങളുള്ള അത്തരം കാഴ്ചകള്‍ക്ക് സാധ്യതയില്ല എന്നതാണ് വസ്തുത. എന്നാല്‍ ഓണ്‍ലൈന്‍ റിലീസ് എന്നത് സിനിമ എന്ന കലയോട് നീതി പുലര്‍ത്തും എന്നും ഞാന്‍ വിശ്വസിക്കുന്നില്ല.

ഒരു തിയേറ്റര്‍ അനുഭവം നല്‍കുന്ന പ്രശ്നത്തിന് പരിഹാരമാകുമെന്ന് തോന്നിയത് ലളിതമായ ഉപകരണത്തെ കുറിച്ചുള്ള ഒരു ആശയം വന്നപ്പോഴാണ്. ഈ സാഹചര്യത്തിലെ വിരോധാഭാസം എന്തെന്നാല്‍, എല്ലാ ഇന്‍ഫാസ്ട്രച്ചറുകളും തയാറായി എന്നിട്ടും ഞങ്ങള്‍ അത് ഒന്നിച്ച് ചേര്‍ത്തിട്ടില്ല.മാച്ച്ബോക്സ് സിനിമ ഹെഡ്സെറ്റ് ഇക്വഷന്‍ വഴി സൃഷ്ടാവും കാഴ്ചക്കാരനും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നാണ് ആശയം. (ഇത് അടിസ്ഥാനപരമായി തിയേറ്റര്‍ അനുഭവത്തിനായി പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന ഒരു വിആര്‍ ഹെഡ്സെറ്റാണ്).

ഈ സാഹചര്യത്തിലാണ് ഒരു വിആര്‍ പ്ലാറ്റ്ഫോം വഴിയുള്ള റിലീസിനെക്കുറിച്ച് താന്‍ ആലോചിച്ചതെന്നും എച്ച്ടിസി, സോണി, ഒക്കുലസ് തുടങ്ങി ഈ മേഖലയിലെ പ്രമുഖ കമ്പനികളില്‍ ഏതിലെങ്കിലും വഴി ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ചര്‍ച്ചകളുടെ അന്തിമ ഘട്ടത്തിലാണ്. ഇത്തരത്തിലുള്ള കാഴ്ചയ്ക്ക് ആവശ്യമായ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റിന്റെയും അനുബന്ധ ഘടകങ്ങളുടെയും സാങ്കേതികമായ വിവരങ്ങളും ലിജോ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ വില കുറഞ്ഞ ഉപകരണങ്ങള്‍ക്ക് അതിന്റേതായ പരിമിതികളുണ്ടെന്നതും വില കൂടിയത് എല്ലാവര്‍ക്കും വാങ്ങാനാവില്ല എന്നതും മറ്റൊരു ചിന്തയിലേക്ക് തങ്ങളെ നയിച്ചതായും സംവിധായകന്‍ പറയുന്നു. പഴയ സിനിമാ ലൈബ്രറികള്‍ പോലെ വിആര്‍ ഉപകരണങ്ങളുടെ ഒരു വിതരണശൃംഖലയാണ് ഉദ്ദേശിക്കുന്നതെന്നും ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കുന്നു.

Tags: