അമിതാഭ് ബച്ചനും അഭിഷേകിനും കൊവിഡ്; ജയയുടെയും ഐശ്വര്യയുടെയും ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ്

Glint desk
Sun, 12-07-2020 11:27:15 AM ;

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബച്ചന്‍ കുടുംബത്തിലെ എല്ലാവരും കൊവിഡ് പരിശോധനയ്ക്ക് വിധേയരായി. ജയാ ബച്ചന്‍, ഐശ്വര്യാ റായ്, മകള്‍ ആരാധ്യ എന്നിവര്‍ക്ക് കൊവിഡ് ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്റിജന്‍ ടെസ്റ്റിന്റെ ഫലം നെഗറ്റീവായിരുന്നു. സ്രവ പരിശോധനാഫലം ഞായറാഴ്ച പുറത്തു വരുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ഥോപ് പറഞ്ഞു.

അമിതാഭ് ബച്ചന്‍ തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. അതിനു ശേഷം അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചതായി ട്വിറ്ററിലൂടെ അറിയിച്ചു. താനുമായി 10 ദിവസത്തിനുള്ളില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും പരിശോധന നടത്തണമെന്ന് അമിതാഭ് ബച്ചന്‍ ആവശ്യപ്പെട്ടു. ബച്ചന്റെ വസതിയായ ജസ്ല അണുവിമുക്തമാക്കി. ജോലിക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കി. മുംബൈ നാനാവതി ആശുപത്രിയിലാണ് അദ്ദേഹം ചികില്‍സയിലുള്ളത്.

മാര്‍ച്ച് 25 മുതല്‍ വീട്ടില്‍ തന്നെയായിരുന്ന ഇവര്‍ക്ക് എവിടെ നിന്നാണ് കൊവിഡ് ഉണ്ടായതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചില ടെലിവിഷന്‍ ഷോകളുടെ പ്രചാരണ വീഡിയോകള്‍ ചാനല്‍ സംഘാംഗങ്ങള്‍ വീട്ടിലെത്തി ചിത്രീകരിച്ചിരുന്നു. ഇവരില്‍ നിന്നാണോ രോഗബാധ ഉണ്ടായതെന്ന് പരിശോധിക്കുന്നുണ്ട്.

Tags: