അയ്യപ്പനും കോശിയും ബോളിവുഡിലേക്ക്, റീമേക്ക് അവകാശം സ്വന്തമാക്കി ജോണ്‍ എബ്രഹാം

Glint desk
Tue, 26-05-2020 12:42:38 PM ;

പൃഥ്വിരാജ്-ബിജു മേനോന്‍-സച്ചി കൂട്ടുകെട്ടില്‍ പിറന്ന അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റ് മലയാള ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ ജെ.എ എന്റര്‍ടെയ്ന്‍മെന്റ്‌സ്. 

ആക്ഷനും കഥയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കി ഒരുക്കിയ ത്രില്ലിങ് ആയ ചിത്രം അയ്യപ്പനും കോശിയും. ഇത്തരത്തിലുള്ള നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിക്കാനാണ് ജെ.എ എന്റര്‍ടെയ്ന്‍മെന്റ്‌സ് ശ്രമിക്കാറുള്ളത്. ഈ സിനിമയുടെ ഹിന്ദി റീമേക്കിലൂടെ നിങ്ങള്‍ക്ക് മികച്ച സിനിമ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ജോണ്‍ എബ്രഹാം ട്വീറ്റ് ചെയ്തു. 

ചിത്രത്തിന്റെ തെലുങ്ക് റീമേക്കിങ്ങിനുള്ള അവകാശം സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് സ്വന്തമാക്കിയിരുന്നു. ബിജു മേനോന്‍ അവതരിപ്പിച്ച എസ്.ഐ അയ്യപ്പന്‍ നായരുടെ വേഷത്തില്‍ നന്ദമൂരി ബാലകൃഷ്ണയും പൃഥ്വിരാജ് അവതരിപ്പിച്ച റിട്ടയേര്‍ഡ് ഹവില്‍ദാര്‍ കോശി കുര്യന്റെ വേഷത്തില്‍ റാണ ദഗ്ഗുബാട്ടിയും എത്തുമെന്നാണ് സൂചന.

ചിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുക്കാനുള്ള ശ്രമത്തിലാണ് നിര്‍മാതാവായ കതിര്‍സേനന്‍ എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതില്‍ പൃഥ്വിരാജിന്റെ വേഷത്തില്‍ ധനുഷും ബിജു മേനോന്റെ വേഷത്തില്‍ വിജയ് സേതുപതിയും എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 

അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം സച്ചി രചനയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച അയ്യപ്പനും കോശിയും എന്ന ചിത്രം തീയേറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു.  

Tags: