പ്രണയത്തിന്റെ കാര്യത്തില്‍ താന്‍ പഴഞ്ചന്‍, താല്‍പ്പര്യം സത്യസന്ധമായ പ്രണയത്തില്‍; കിയാര അദ്വാനി

Glint desk
Fri, 15-05-2020 01:16:54 PM ;

തുടര്‍ച്ചയായ ചിത്രങ്ങളുടെ വിജയങ്ങള്‍ കൊണ്ട് ബോളിവുഡില്‍ സ്വന്തമായി ഒരിടം നേടിയെടുത്ത നായികയാണ് കിയാര അദ്വാനി. കിയാരയുടേതയി 2019ല്‍ പറത്തിറങ്ങിയ കബീര്‍ സിങ്, ഗുഡ് ന്യൂസ് എന്നീ രണ്ട് ചിത്രങ്ങളും വിജയമായിരുന്നു. ഇപ്പോള്‍ പ്രണയത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് കിയാര. പ്രണയത്തെ കുറിച്ച് പറയുമ്പോള്‍ താന്‍ പഴഞ്ചനാണെന്നും ഇതുവരെ ഓണ്‍ലൈന്‍ ഡേറ്റിംഗിനോട് തനിക്ക് താല്‍പ്പര്യമില്ലെന്നുമാണ് കിയാര പറയുന്നത്. ഓണ്‍ലൈനിലൂടെ ഒരാളെ കണ്ടെത്തുന്നതിനേക്കാളും തനിക്ക് ഇഷ്ടം കാത്തിരുന്ന് ഒരാളെ കണ്ടെത്താനാണെന്നും താന്‍ വളരെ റൊമാന്റിക് ആണെന്നും സത്യസന്ധമായ പ്രണയത്തോടാണ് താല്‍പ്പര്യമെന്നും കിയാര പറയുന്നു. 

എന്നാല്‍ ഓണ്‍ലൈനിലൂടെ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ തെറ്റൊന്നും ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നമ്മളെല്ലാവരും പുതിയ തലമുറയാണ് അതുകൊണ്ട് തന്നെ ഒരു ചുവട് മുന്‍പോട്ടാണ് ആലോചിക്കേണ്ടതും. ഒരുപാട് ആളുകള്‍ ഓണ്‍ലൈന്‍ ചാറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട് വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് കൊണ്ട് തന്നെ എങ്ങനെയാണ് നിങ്ങള്‍ അവരെ കണ്ടെത്തുന്നത് എന്നത് ഒരു വലിയ കാര്യമല്ല എന്നും കിയാര പറഞ്ഞു. 

ലക്ഷ്മി ബോംബ്, ഷേര്‍ഷാ, ഇന്ദൂ കീ ജവാനി എന്നീ ചിത്രങ്ങളാണ് നടിയുടേതായി പുറത്തിറങ്ങാനുള്ളത്. ഇതില്‍ ഇന്ദൂ കീ ജവാനി എന്ന ചിത്രത്തിലെ കഥ ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പിലൂടെ പുരോഗമിക്കുന്ന ഒന്നാണെന്നും കിയാര പറഞ്ഞു. 

Tags: