മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വിടപറഞ്ഞത് രണ്ട് ഇതിഹാസങ്ങള്‍

Glint desk
Thu, 30-04-2020 11:51:31 AM ;

ഇന്ത്യന്‍ സിനിമാലോകത്തിന് കനത്ത നഷ്ടങ്ങള്‍ സമ്മാനിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് ഇതിഹാസങ്ങള്‍ നമ്മോട് വിടപറഞ്ഞു, ഇര്‍ഫാന്‍ ഖാനും ഋഷി കപൂറും. ബോളിവുഡിന്റെ താരപദവിയില്‍ തല്‍പ്പരനാവാതെ ഗോഡ്ഫാദര്‍മാരില്ലാതെ അഭിനയത്തിന്റെ മികവുകൊണ്ട് ബോളിവുഡിലും അവിടെ നിന്ന് ഹോളിവുഡിലേക്കും പറന്നുയര്‍ന്ന താരമായിരുന്നു ഇര്‍ഫാന്‍ ഖാന്‍. ബോളിവുഡ് സിനിമയിലെ റൊമാന്റിക് സൂപ്പര്‍സ്റ്റാറായിരുന്നു ഋഷി കപൂര്‍.  

ബുധനാഴ്ച പകലോടെയാണ് ഇര്‍ഫാന്‍ ഖാന്റെ അപ്രതീക്ഷിത മരണം സംഭവിക്കുന്നത്. അതിന്റെ ഞെട്ടലില്‍ നിന്നും സിനിമാലോകം കരകയറുന്നതിന് മുമ്പ് തന്നെ വ്യാഴാഴ്ച പകലോടെയാണ് ഋഷി കപൂറും മരണത്തിന് കീഴടങ്ങിയത്. 

വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് മുംബൈ അന്ധേരിയിലെ കോകിലാബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെയാണ് ഇര്‍ഫാന്‍ ഖാന്‍ നമ്മോട് വിടപറഞ്ഞത്. 2018ല്‍ ഇദ്ദേഹത്തിന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ സ്ഥിരീകരിച്ചിരുന്നു.  

ശ്വസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഋഷി കപൂര്‍ വിടപറഞ്ഞത് മുംബൈയിലെ എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ വെച്ചായിരുന്നു. ഒരുവര്‍ഷത്തിലേറെയായി ഇദ്ദേഹം അര്‍ബുദബാധിതനായി യു.എസ്സില്‍ ചികില്‍സയിലായിരുന്നു. സെപ്തംബറിലാണ് ഇദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി എത്തിയത്.  

Tags: