നടി അമലപോള്‍ വിവാഹിതയായി?

Glint Desk
Fri, 20-03-2020 04:38:14 PM ;

അമല പോള്‍ വിവാഹിതയായെന്ന് സൂചന. മുംബൈയില്‍ നിന്നുള്ള ഗായകനായ ഭവ്‌നിന്ദര്‍ സിംഗാണ് വരന്‍. ഭവ്‌നിന്ദര്‍ സിംഗാണ് വിവാഹചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 'ത്രോബാക്ക്' എന്ന ഹാഷ്ടാഗോടെയാണ് ഭവ്‌നിന്ദര്‍ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 

ആടൈ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ താന്‍ പ്രണയത്തിലാണെന്ന് അമല പറഞ്ഞിരുന്നു. ഉപാധികളില്ലാതെ സ്‌നേഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കാണിച്ച് തന്നുവെന്നും തനിക്കായി സമയം ചിലവഴിക്കാവന്‍ ജോലിയും കരിയറും ത്യജിച്ചുവെന്നും അമല പറഞ്ഞിരുന്നു. എന്നാല്‍ അയാള്‍ ആരാണെന്ന് അമല വ്യക്തമാക്കിയിരുന്നില്ല. പിന്നീട് സോഷ്യല്‍ മീഡിയയില്‍ അമലയും ഭവ്‌നിന്ദും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഇരുവരും വാര്‍ത്തയോട് പ്രതികരിച്ചിരുന്നില്ല. 

അമലയുടെ രണ്ടാം വിവാഹമാണിത്. 2014 ജൂണ്‍ 12ന് അമലയും സംവിധായകന്‍ വിജയിയും വിവാഹിതരായിരുന്നു. മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ആ വിവാഹം. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇവര്‍ വിവാഹമോചനത്തിന് ഹര്‍ജി സമര്‍പ്പിച്ചു. ഫെബ്രുവരി 2017ല്‍ ഇരുവരും നിയമപരമായി വിവാഹമോചിതരാവുകയും ചെയ്തു. അമലയുമായുള്ള വിവാഹമോചനത്തിന് ശേഷം വിജയ് ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയെ വിവാഹം ചെയ്തു. ജൂലൈ 11നായിരുന്നു വിവാഹം. 

 

Tags: