കൊറോണയില്‍ സ്തംഭിച്ച് സിനിമാരംഗം

Glint Desk
Thu, 19-03-2020 12:59:13 PM ;

കൊറോണവൈറസ് പടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ തീയേറ്ററുകള്‍ മുഴുവന്‍ അടച്ചിട്ടിരിക്കുകയാണ്. മാര്‍ച്ച് 31 വരെയാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രീകരണം നടന്നുകൊണ്ടിരുന്ന സിനിമകളും നിര്‍ത്തി വച്ചിരിക്കുകയാണ്. എന്നാല്‍ ഈ സാഹചര്യം സിനിമാ രംഗത്തെ വളരെ മോശമായി ബാധിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 

ഇപ്പോഴത്തെ സാഹചര്യത്തില്‍ മാര്‍ച്ച്, ഏപ്രില്‍ മാസത്തില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രങ്ങളുടെ റിലീസ് പ്രതിസന്ധിയിലാവുമെന്നും അങ്ങനെ സംഭവിച്ചാല്‍ സിനിമാ മേഖലയുടെ നഷ്ടം 300 കോടിക്ക് മുകളിലാവുമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. 

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബിഗ്ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം, മമ്മൂട്ടി നായകനാവുന്ന സന്തോഷ് ശിവന്‍ ചിത്രം വണ്‍, ഫഹദ് ഫാസില്‍ നായകനായ മഹേഷ് നാരായണന്‍ ചിത്രം മാലിക്, ടോവിനോ തോമസിന്റെ കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്, ആസിഫ് അലി ചിത്രം കുഞ്ഞെല്‍ദോ, കുഞ്ചാക്കോ ബോബന്‍ ചിത്രം മോഹന്‍ കുമാര്‍ ഫാന്‍സ്, ഇന്ദ്രജിത്ത് നായകനാവുന്ന ഹലാല്‍ ലൗ സ്റ്റോറി എന്നീ ചിത്രങ്ങളെല്ലാം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രങ്ങളാണ്. ഈ ചിത്രങ്ങളുടെ എല്ലാം റിലീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.

ഈ ചിത്രങ്ങളെല്ലാം മെയ് മാസം അവസാനം റിലീസ് ചെയ്യേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അങ്ങനെ ആണെങ്കില്‍ ഈദ് റിലീസായി പ്ലാന്‍ ചെയ്ത ചിത്രങ്ങള്‍ ഓണം സീസണിലേക്ക് മാറ്റാനാണ് സാധ്യത. 

Tags: