കൊറോണ: ബിഗ്‌ബോസ് സീസണ്‍ 2 അവസാനിപ്പിക്കുന്നു; അറിയിപ്പുമായി നിര്‍മ്മാതാക്കള്‍

Glint Desk
Wed, 18-03-2020 01:33:43 PM ;

കൊറോണബാധ രാജ്യവ്യാപകമായി പടരുന്നതിനെ തുടര്‍ന്ന് ബിഗ്‌ബോസ് മലയാളം സീസണ്‍ 2 റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നു. 300 പേരോളം അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ബിഗ്‌ബോസ് ഷോയില്‍ അണിയറക്കാരുടേയും മല്‍സരിക്കുന്നവരുടേയും സുരക്ഷയെ കരുതിയാണ് തീരുമാനം. എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇതിനെ സംബന്ധിച്ച സൂചന പുറത്തുവിട്ടിരിക്കുന്നത്. 

എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യയിലെ ജീവനക്കാരുടേയും കലാകാരന്മാരുടേയും ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഊന്നല്‍ നല്‍കുന്നു. കൊറോണവൈറസിന്റെ പശ്ചാത്തലത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഞങ്ങളുടെ എല്ലാ അഡ്മിനിസ്‌ട്രേറ്റീവ്, പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു. കൊറോണവൈറസിന്റെ വ്യാപനം തടയാനുള്ള സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം. ഇതുവരെ കമ്പനിയില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളെ മനസ്സിലാക്കിയ ജീവനക്കാരെ അഭിനന്ദിക്കുന്നു. എല്ലാവരും സുരക്ഷിതരായിരിക്കുക. നിങ്ങള്‍ക്ക് വിനോദവുമായി വൈകാതെ തിരിച്ചെത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. 

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ്‌ബോസ് മലയാളം സീസണ്‍ ടൂ 70 ദിവസത്തോളം പിന്നിട്ടിരുന്നു. 
 

 

Tags: