വെയില്‍ സിനിമ നിര്‍മ്മാതാവിനോട് ക്ഷമ ചോദിച്ച് വീണ്ടും ഷെയ്ന്‍ നിഗം

Glint Desk
Mon, 17-02-2020 12:14:11 PM ;

വെയില്‍ സിനിമയുടെ ചിത്രീകരണം മുടങ്ങിയതിന് നിര്‍മ്മാതാവിനോട് ക്ഷമ ചോദിച്ച് വീണ്ടും ഷെയ്ന്‍ നിഗം. തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും പറഞ്ഞാണ് വെയില്‍ നിര്‍മ്മാതാവ് ജോബി ജോര്‍ജിന് ഷെയ്ന്‍ കത്തയച്ചത്. പ്രതിഫല തര്‍ക്കം മൂലം ചിത്രീകരണം മുടങ്ങിയ സിനിമ പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്നും ഷെയ്ന്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ കരാര്‍ പ്രകാരമുള്ള 40ലക്ഷത്തില്‍ ഇനി തരാനുള്ള തുക വേണ്ടെന്നും നിലവില്‍ നല്‍കിയിട്ടുള്ള 24ലക്ഷം രൂപയ്ക്ക് അഭിനയിയ്ക്കാമെന്നും കത്തില്‍ പറയുന്നുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷനുമായി ആലോചിച്ച് തീരുമാനിക്കാമെന്നാണ് ജോബി ജോര്‍ജ് അറിയിച്ചത്. 

ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാതിരിക്കുകയും വെയില്‍, കുര്‍ബ്ബാനി എന്നീ സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്‌നിന് വിലക്കേര്‍പ്പെടുത്തിയത്. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ, ഫെഫ്ക എന്നീ സംഘടനകള്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും ഷെയ്ന്‍ നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് വിശേഷിപ്പിച്ചത് പ്രശ്‌നങ്ങള്‍ വീണ്ടും വഷളാക്കി. 

എന്നാല്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയാല്‍ വിലക്ക് നീക്കാമെന്ന് പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷന്‍ അറിയിച്ചിരുന്നു. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് നീക്കണമെന്നാണ് അമ്മ സംഘടനയുടെ നിലപാട്. 

Tags: