സെന്‍സറിംഗ് പൂര്‍ത്തിയായി, ട്രാന്‍സ് 20 ന് തിയേറ്ററുകളിലേക്ക്

Glint Desk
Wed, 12-02-2020 12:36:01 PM ;

ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് ഈ മാസം 20ന് സിയേറ്ററുകളിലെത്തും. ചിത്രത്തിലെ 17 മിനിറ്റോളം വരുന്ന രംഗങ്ങള്‍ കട്ട് ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഹൈദരാബാദിലുള്ള സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിംഗ് കമ്മിറ്റി ചിത്രം കണ്ട് വിലയിരുത്തുകയും ചിത്രത്തിലെ ഭാഗങ്ങളൊന്നും തന്നെ കട്ട് ചെയ്യേണ്ട ആവശ്യമില്ലെന്ന തീരുമാനത്തില്‍ എത്തുകയും ചെയ്തു. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 

മുമ്പ് തിരുവനന്തപുരത്ത് വച്ച് നടന്ന സ്‌ക്രീനിംഗിലാണ് മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി ചിത്രത്തിലെ 17 മിനിറ്റോളം വരുന്ന രംഗങ്ങള്‍ ഒഴിവാക്കണമെന്ന് സി.ബി.എഫ്.സി. സെന്ററിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രംഗങ്ങള്‍ ഒഴിവാക്കാന്‍ സംവിധായകന്‍ അന്‍വര്‍ റഷീദ് തയ്യാറായില്ല. തുടര്‍ന്ന് ചിത്രം ഹൈദരാബാദിലെ റിവൈസിംഗ് കമ്മിറ്റിയുടെ പുനഃപരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. 

2017ല്‍ ചിത്രീകരണം ആരംഭിച്ച ചിത്രം നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിലീസിനെത്തുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍, വിനായകന്‍, നസ്രിയാ നസീം, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, ധര്‍മ്മജന്‍, ചെമ്പന്‍ വിനോദ്. ശ്രിന്ദ, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമല്‍ നീരദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.  

 

Tags: