മുമ്പ് മൂന്ന് തവണ നോമിനേഷന്‍; ഒടുവില്‍ ജോക്കറിലൂടെ ഓസ്‌കര്‍ നേടി ഫീനിക്‌സ്

Glint Desk
Mon, 10-02-2020 12:55:06 PM ;

മൂന്ന് തവണ അഭിനയത്തിനുള്ള ഓസ്‌ക്കാര്‍ നോമിനേഷന്‍ നേടിയ നടനാണ് വാക്വിന്‍ ഫീനിക്‌സ്, ജോക്കര്‍ എന്ന സിനിമയിലെ അഭിനയത്തിലൂടെ ഓസ്‌ക്കാര്‍ അവാര്‍ഡ് അദ്ദേഹം സ്വന്തമാക്കിയിരിയ്ക്കുകയാണ്.

സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ ആര്‍തര്‍ ഫ്‌ലെക്ക് എന്ന കഥാപാത്രത്തെയാണ് വാക്വിന്‍ ഫീനിക്‌സ് ജോക്കറില്‍ അവതരിപ്പിച്ചത്. വളരെ ദരിദ്രമായ പശ്ചാത്തലത്തില്‍ കോമാളി വേഷം കെട്ടി ജീവിക്കുന്ന അമ്മയെ പരിപാലിക്കാന്‍ പോലും ശേഷിയില്ലാതെ മറ്റുള്ളവരുടെ മുന്നില്‍ അപമാനിക്കപ്പെടുന്ന ആര്‍തര്‍ ഫ്‌ലെക് എന്ന കഥാപാത്രമായി ഫീനിക്‌സ് ചിത്രത്തില്‍ നിറഞ്ഞാടി. ഒരേ സമയം തൊഴിലില്ലായ്മയും ധനികന്മാരുടെ അഹന്തകളും അക്രമങ്ങളും നിറഞ്ഞതാണ് ഗോതോം സിറ്റി. അതിന്റെ ഒരു അറ്റത്ത് താന്‍ ജീവിച്ചിരിക്കുന്നുണ്ടോ എന്ന് പോലും തിരിച്ചറിയാനാവാത്ത വിധം അപകര്‍ഷതയില്‍ ജീവിക്കുന്ന ഒരു സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനാണ് ആര്‍തര്‍ ഫ്‌ലെക്ക്. അധികം തമാശകളൊന്നും കയ്യില്‍ ഇല്ലാത്തതു കൊണ്ട് തന്നെ അയാളുടെ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ ആയിട്ടുള്ള ജോലിയും ജീവിതവും പരാജയത്തിലേക്ക് വീഴുകയാണ്. അസുഖബാധിതയായ അമ്മയെ പരിചരിക്കുമ്പോള്‍ മാത്രമാണ് അയാള്‍ സന്തോഷവാനായി ഇരിക്കുന്നത്. താന്‍ ജീവിക്കുന്ന ലോകം ഒരു നേരിയ അളവില്‍ പോലും തന്റേതല്ലെന്ന തോന്നല്‍ അദ്ദേഹത്തെ നിരന്തരം വേട്ടയാടുന്നുണ്ട്. അങ്ങനെ നിരന്തര സംഘര്‍ഷത്തില്‍ നിന്നും നിരന്തരമായ അവഹേളനത്തില്‍ നിന്നും പരാജിതനായ ഒരു കോമാളിയില്‍ നിന്ന് അയാള്‍ ജോക്കര്‍ എന്ന അതികായന്റെ ക്രൂരതകളിലേക്കുള്ള യാത്ര ആരംഭിക്കുകയാണ്. കഥാപാത്രത്തിന്റെ ഓരോ ചലനവും വാക്വിന്‍ ഫീനിക്‌സ് എന്ന നടനില്‍ ഭദ്രമായിരുന്നു. ആര്‍തറിന്റെ കത്തിയെരിയുന്ന ഹൃദയം മുതല്‍ അസ്ഥാനത്ത് ഉയര്‍ന്ന് പൊങ്ങുന്നതും നിയന്ത്രിക്കാനാവാത്തതുമായ അയാളുടെ ചിരികള്‍ വരെ വാക്വിന്‍ ഫീനിക്‌സ് എന്ന നടന്റെ അഭിനയ ചാതുരിയില്‍ സുരക്ഷിതമായിരുന്നു.

ചിത്രം കണ്ടുകൊണ്ടിരിക്കുന്നവരുടെ മനസ്സും കഥാപാത്രം കടന്നു പോവുന്ന എല്ലാ മാനസ്സിക സംഘര്‍ഷങ്ങളും അനുഭവിച്ചിരുന്നു എന്നത് തീര്‍ച്ചയാണ്. അത് വാക്വിന്‍ ഫീനിക്‌സ് എന്ന നടന്റെ മാത്രം കഴിവാണ് എന്ന് നിസ്സംശയം പറയാം.

ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ നാലിനാണ് തിയേറ്ററുകളിലെത്തിയത്.  വിഖ്യാത നടന്മാരായ ജാക്ക് നിക്കോള്‍സണ്‍, ഹീത്ത് ലെഡ്‌ഗെര്‍, ജേര്‍ഡ് ലേറ്റോ എന്നിവര്‍ക്കുശേഷം ജോക്കറിന്റെ കുപ്പായം അണിഞ്ഞ താരമാണ് വാക്വിന്‍ ഫീനിക്‌സ്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി 23 കിലോ ഭാരമാണ് താരം കുറച്ചത്.ചിത്രം തിയേറ്ററുകളില്‍ എത്തിയ സമയത്ത് ആരാധന അതിരുവിടരുതെന്ന അഭ്യര്‍ത്ഥനയുമായി താരം രംഗത്തെത്തിയിരുന്നു.

 

Tags: