വയസ്സനായി ദിലീപ്; കേശു ഈ വീടിന്റെ നാഥന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടു

Glint Desk
Sun, 09-02-2020 02:22:10 PM ;

മധ്യവയസ്‌ക്കനായി ദിലീപ് എത്തുന്ന കോമഡി എന്റര്‍ടെയ്‌നറായ കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തുന്നത് ഉര്‍വ്വശിയാണ്. ജോഡികളായി അഭിനയിയ്ക്കുന്ന ദിലീപ് ഉര്‍വ്വശി എന്നിവരും അവരുടെ മക്കളായി അഭിനയിയ്ക്കുന്ന വൈഷ്ണവി, നസ്ലന്‍ എന്നിവരും ഉള്‍പ്പെടുന്ന പോസ്റ്ററാണ് പുറത്തുവിട്ടത്. 

ദിലീപ്-നാദിര്‍ഷ ടീം ഒന്നിക്കുന്ന ചിത്രത്തില്‍ ദിലീപും ഉര്‍വ്വശിയും ആദ്യമായി ജോഡികളായി എത്തുന്നു എന്നതാണ് പ്രത്യേകത. കേശു എന്ന പേരിലുള്ള ഡ്രൈവിംഗ് സ്‌ക്കൂള്‍ നടത്തുന്ന കുടുംബനാഥനായിട്ടാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. ദിലീപിന്റെ ഭാര്യയായിട്ടാണ് ഉര്‍വ്വശി അഭിനയിയ്ക്കുന്നത്. 
ജൂണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വൈഷ്ണവിയും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നസ്ലനുമാണ് ഇവരുടെ മക്കളായി എത്തുന്നത്. 

തമാശകള്‍ നിറഞ്ഞ ഒരു കുടുംബ ചിത്രമായാണ് കേശു ഈ വീടിന്റെ നാഥന്‍ ഒരുങ്ങുന്നത്. ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, റിയാസ് മറിയം, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ബിനു അടിമാലി, ഷൈജോ അടിമാലി, അനുശ്രീ, സ്വാസിക, പ്രിയങ്ക, സീമാ ജി നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൊച്ചി, പളനി, രാമേശ്വരം, കാശി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ തിരക്കഥ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എഴുതിയ സജീവ് പാഴൂരാണ്. ഹരി നാരായണന്‍, ജ്യോതിഷ് എന്നിവരുടെ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് നാദിര്‍ഷ തന്നെയാണ്. അനില്‍ നായരാണ് സിനിമയുടെ ഛായാഗ്രഹണം. 

 

Tags: