കോളേജ് കുമാരനായി ആസിഫ് അലി; കുഞ്ഞെല്‍ദോ ടീസര്‍ പുറത്ത്

Glint Desk
Wed, 05-02-2020 05:53:40 PM ;

കെട്ട്യോളാണ് എന്റെ മാഖയ്ക്ക് ശേഷം പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ച് ആസിഫ് അലി. ആസിഫിനെ നായകനാക്കി ആര്‍.ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെല്‍ദോയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മമ്മൂട്ടിയാണ് വീഡിയോ പുറത്ത് വിട്ടത്. ഇതിലെ ആസിഫിന്റെ കിടിലം മേക്കോവര്‍ കണ്ട് അമ്പരന്നിരിക്കുകയാണ പ്രക്ഷകര്‍ ഇപ്പോള്‍. കോളേജ് ജീവിതത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ തനി കോളേജ് കുമാരനായിട്ടാണ് ആസിഫ് എത്തുന്നത്. ആസിഫിന്റെ പുതിയ ലുക്ക് കണ്ട് ആരാധകര്‍ പറയുന്നത് താരത്തിന് 10 വയസ്സ് കുറഞ്ഞതുപോലുണ്ട് എന്നാണ്.

വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനത്തെ പശ്ചാത്തലമാക്കിയാണ് ചിത്രത്തിലെ ചില നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

പുതുമുഖതാരമായ ഗോപിക ഉദയനാണ് ചിത്രത്തിലെ നായിക. മാത്തുക്കുട്ടി തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടര്‍. ഷാന്‍ റഹ്മാനാണ്  സംഗീത സംവിധാനം. കല്‍ക്കി എന്ന ചിത്രത്തിന് ശേഷം ലിറ്റില്‍ ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
സ്വരൂപ് ഫിലിപ്പ് ഛായഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ സുധീഷ്, സിദ്ദിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, മിഥുന്‍ എം. ദാസ് എന്നിവരാണ് മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags: