പന്ത്രണ്ട് ദിവസത്തെ ദാമ്പത്യം; അഞ്ചാമതും വിവാഹമോചിതയായി പമേല

Glint Desk
Mon, 03-02-2020 05:59:23 PM ;

ഇക്കഴിഞ്ഞ ജനുവരി 20നായിരുന്നു പ്രശസ്ത ഹോളിവുഡ് നടിയും മോഡലുമായ പമേല ആന്റേഴ്‌സണും ഹോളിവുഡ് നിര്‍മ്മാതാവും ഹെയര്‍ സ്‌റ്റൈലിസ്റ്റുമായിരുന്ന ജോണ്‍ പീറ്റേഴ്‌സും തമ്മിലുള്ള വിവാഹം. പമേലയുടെ അഞ്ചാം വിവാഹമായിരുന്നു ഇത്. മലീബുവില്‍ വച്ചായിരുന്നു വിവാഹം. എന്നാല്‍ 12 ദിവസങ്ങള്‍ക്കിപ്പുറം ജോണ്‍ പീറ്റേഴ്സണുമായി പമേല ഗുഡ് ബൈ പറഞ്ഞരിക്കുകയാണ്.

1980ലാണ് പമേലയും ബാറ്റ്മാന്‍ സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ പീറ്റേഴ്‌സും തമ്മില്‍ കണ്ടുമുട്ടുന്നത്. അധികം വൈകാതെ തന്നെ അദ്ദേഹം പമേലയോട് പ്രണയാഭ്യര്‍ത്ഥന നടത്തി. കുറച്ചുകാലം പ്രണയത്തിലായിരുന്ന ഇവര്‍ പിന്നീട് വേര്‍പിരിഞ്ഞെങ്കിലും മൂന്ന് പതിറ്റാണ്ടിന് ശേഷം വീണ്ടും ഒന്നിക്കുകയായിരുന്നു. 52കാരിയായ പമേല 74കാരനായ പീറ്റേഴ്സിനെ വിവാഹം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. പമേല മുമ്പ് 3 പേരെ വിവാഹം ചെയ്തിരുന്നു. ഡ്രമ്മര്‍ ടോമി ലീ, ഗായകന്‍ കിഡ് റോക്ക്, പോക്കര്‍ പ്ലെയര്‍ റിക്ക് സലോമോന്‍ എന്നിവരെയാണ് വിവാഹം ചെയ്തത്. ഇതില്‍ റിക്ക് സലോമോനെ പമേല രണ്ട് തവണ വിവാഹം ചെയ്തു. ഫ്രഞ്ച് സോക്കര്‍ താരം ആദില്‍ റാമിയുമായും  ഇവര്‍ക്ക് പ്രണയ ബന്ധമുണ്ടായിരുന്നു.

ആദ്യ ഭര്‍ത്താവ് ടോമി ലീയെ വിവാഹം കഴിക്കുമ്പോള്‍ വെറും നാല് ദിവസത്തെ പരിചയം മാത്രമാണ് പമേലയ്ക്ക് അയാളുമായി ഉണ്ടായിരുന്നത്. പമേലയുടെ അമ്മ ഇവരുടെ വിവാഹക്കാര്യം അറിയുന്നത് പീപ്പിള്‍ മാഗസിനിലൂടെയാണ്. ഈ ബന്ധത്തില്‍ പമേലക്ക് രണ്ട് ആണ്‍ക്കുട്ടികള്‍ ഉണ്ട്. ജീവിത പങ്കാളിയെ ദുരുപയോഗം ചെയ്തു എന്ന കുറ്റത്തിന് പിന്നീട് ടോമി ലീയെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഇതിന് ശേഷമാണ് ഇവര്‍ പിരിയുന്നത്. എന്നാല്‍ വേര്‍പിരിഞ്ഞതിന് ശേഷവും ഇവര്‍ തമ്മില്‍ ബന്ധം നിലനിര്‍ത്തിയിരുന്നു. ഇയാളുമായി മാത്രമാണ് പമേലയ്ക്ക് ഒരു വര്‍ഷത്തില്‍ അധികം നീണ്ട ബന്ധം ഉണ്ടായിട്ടുള്ളത്

സാധാരണ കുടുംബത്തില്‍ ജനിച്ച പമേല ഫിറ്റ്‌നസ് ഇന്‍സ്ട്രക്ടര്‍ ആയിട്ടാണ് തന്റെ കരിയര്‍ തുടങ്ങുന്നത്. ഇതിനിടെ പ്ലേബോയ് മാഗസിനില്‍ കവര്‍ ഗേളായി വന്നതോടെ അവരുടെ ജീവിതം മാറിമറിഞ്ഞു. ലോകം ശ്രദ്ധിക്കുന്ന മോഡലായി അവര്‍ മാറി. ലക്ഷക്കണക്കിന് ആരാധകരുമുണ്ടായി. ഏകദേശം 22 വര്‍ഷത്തോളം പ്ലേബോയ് മാഗസിനില്‍ പമേല ജോലി ചെയ്തു.
ഹോം ഇംപ്രൂവ്‌മെന്റ് എന്ന കോമഡി സീരിസിലൂടെയാണ് അഭിനയ രംഗത്തേക്ക് വന്നതെങ്കിലും ബേവാച്ച് സീരിസിലെ പ്രകടനമാണ് പമേലയുടെ ബിഗ്‌സ്‌ക്രീനിലെ തലവരമാറ്റി എഴുതിയത്

Tags: