ജിബൂട്ടി സിനിമ വരുന്നു: പൂജക്ക് പറന്നെത്തിയത് ജിബൂട്ടിയില്‍ നിന്നുള്ള നാല് മന്ത്രിമാര്‍

Glint Desk
Sat, 18-01-2020 12:04:05 PM ;

ഇന്ത്യയും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയും സാംസ്‌കാരിക മേഖലയില്‍ കൈകോര്‍ക്കുന്നു. ഇതിന്റെ ആദ്യ പടി എന്നോണം ജിബൂട്ടിയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന സിനിമ പ്രഖ്യാപിച്ചു. ജിബൂട്ടി എന്ന് തന്നെയാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ജിബൂട്ടിയിലെ സാംസ്‌കാരിക മന്ത്രി അടക്കമുളളവര്‍ പങ്കെടുത്തു. പത്ത് വര്‍ഷമായി ജിബൂട്ടിയില്‍ വ്യവസായി ആയ ജോബി പി. സാമും ഭാര്യ മരിയ സ്വീറ്റി ജോബിയും ചേര്‍ന്ന് നീല്‍ ബ്ലൂ ഹില്‍ മോഷന്‍ പിക്‌ച്ചേര്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു. ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയുടെ സംവിധായകന്‍ എസ്.ജെ.സിനു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.

കൊച്ചിയില്‍ വച്ച് നടന്ന ചടങ്ങില്‍ സിനിമയുടെ പൂജയും ടൈറ്റില്‍ ലോഞ്ചും നടന്നു. ജിബൂട്ടിയിലെ സാംസ്‌കാരിക മന്ത്രിയും, ആഭ്യന്തര മന്ത്രിയും ധനമന്ത്രിയും ചടങ്ങിനെത്തിയിരുന്നു. ജിബൂട്ടിയും ഇന്ത്യയും തമ്മിലുള്ള ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ഇന്ത്യന്‍ സിനിമയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ജിബൂട്ടി സാംസ്‌കാരിക മന്ത്രി മൗമിന്‍ ഹസന്‍ ബറെ പറഞ്ഞു. 

അമിത് ചക്കാലക്കല്‍ ആണ് ചിത്രത്തിലെ നായകന്‍. പഞ്ചാബ് സ്വദേശിനി ശകുന്‍ ജസ്വാള്‍ ആണ് നായിക. ദിലീഷ് പോത്തന്‍, ഗ്രിഗറി, രോഹിത് മഗ്ഗു, അലന്‍സിയര്‍, ഗീത, സുനില്‍ സുഖദ, ബിജു സോപാനം, വെട്ടുക്കിളി പ്രകാശ്, പൗളി വല്‍സന്‍, മാസ്റ്റര്‍ ഡാവിഞ്ചി, സ്മിനു സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. 
ഉപ്പും മുളകും തിരക്കഥാകൃത്ത് അഫ്‌സല്‍ കരുനാഗപ്പള്ളിയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും. ടി.ഡി ശ്രീനിവാസ് ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ചിത്രത്തില്‍ കൈതപ്രത്തിന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം പകരുന്നു. 
കേരളത്തിലും ആഫ്രിക്കയിലുമായി ജനുവരി അവസാനം ഷൂട്ടിംഗ് തുടങ്ങും.

Tags: