തമിഴ് ബാലികയുടെ കഥ പറയുന്ന ഷോര്‍ട്ട്ഫിലിമിന് ബ്രിട്ടിഷ് ഫിലിം അവാര്‍ഡ്‌സ്

Glint Desk
Sun, 12-01-2020 01:55:27 PM ;

 

സാഷ റെയിന്‍ബോ സംവിധാനം ചെയ്ത കമലി എന്ന 25 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ബ്രിട്ടീഷ് അക്കാഡമി ഓഫ് ഫിലിം അവാര്‍ഡ്‌സില്‍ തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടിഷ് അക്കാഡമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്ട്‌സ് ഓരോ വര്‍ഷവും സംഘടിപ്പിക്കുന്ന ബ്രിട്ടിഷ് ഷോര്‍ട്ട് ഫിലിം വിഭാഗത്തിലാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.

യഥാര്‍ത്ഥ ജീവിതകഥ പറയുന്ന ഈ ഷോര്‍ട്ട്ഫിലിം കമലി മൂര്‍ത്തി എന്ന 10 വയസ്സുകാരിയായ തമിഴ് പെണ്‍ക്കുട്ടിയുടേയും പുരുഷ മേധാവിത്വം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ മകളെ സ്‌ക്കേറ്റ്‌ബോര്‍ഡിംഗ് പഠിപ്പിക്കാന്‍ ശ്രമിക്കുന്ന അമ്മ സുഗന്ധിയുടെയും  കഥയാണ് പറയുന്നത്.  ഓസ്‌ക്കാര്‍ നാമനിര്‍ദ്ദേശം കിട്ടിയെങ്കിലും അവസാനം ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത ചിത്രങ്ങളുടെ കൂടെ ഇടം പിടിക്കാന്‍ കമലിക്ക് സാധിക്കാതെ വന്നു. 

സ്‌ക്കേറ്റ്‌ബോര്‍ഡേഴ്‌സായ സ്ത്രീകളുടെ വീഡിയോ തപ്പുന്നതിനിടയിലാണ് കമലി എന്ന പെണ്‍ക്കുട്ടിയെ റെയിന്‍ബോ ആദ്യമായി കാണുന്നത്. അമേരിക്കയിലെ പ്രൊഫഷണല്‍ സ്‌ക്കേറ്റ് ബോര്‍ഡര്‍ ജമീ തോമസ് പങ്കുവച്ച ഒരു വീഡിയോയിലൂടെ ആയിരുന്നു അത്. ശേഷം അവര്‍ കമലിയുടെ അമ്മയോട് സംസാരിക്കുകയും അവരുടെ കഥകള്‍ കേള്‍ക്കുകയും ചെയ്തപ്പോള്‍ അവരെക്കുറിച്ച് എല്ലാവരും അറിയണം എന്ന റെയിന്‍ബോയുടെ തോന്നലിലാണ് ഈ ഷോര്‍ട്ട്ഫിലിം പിറവിയെടുക്കുന്നത്.

ബോളിവുഡ് സിനിമാലോകത്തിലെ ഒരു മികച്ച ഫീച്ചര്‍ ഫിലിം ആയി കമലിയെ കാണണം എന്ന ആഗ്രഹവും റെയിന്‍ബോ അറിയിച്ചു. കമലിയുടെ ഗ്രാമത്തില്‍ സ്‌ക്കേറ്റ്‌ബോര്‍ഡിംഗിനയി ഒരു വലിയ സ്‌ക്കേറ്റ് പാര്‍ക്ക് നിര്‍മ്മിക്കണെമന്നും അത് വഴി ഒരുപാട് കുട്ടികള്‍ സ്‌ക്കേറ്റിംഗ് പഠിക്കാനായി മുമ്പോട്ട് വരണമെന്നുമാണ് ആഗ്രഹം എന്നും റെയിന്‍ബോ കൂട്ടിച്ചേര്‍ത്തു.