ഇതാണ് വില്ലത്തരം

ശ്യാം തിയ്യന്‍
Fri, 27-10-2017 04:33:13 PM ;

 villain

എട്ടുമണിയ്ക്കുള്ള ആദ്യ ഷോയ്ക്കു തന്നെയാണ് തിയേറ്ററിലെത്തിയത്. ആരാധകര്‍ക്കുള്ള ഷോയാണിത്. കയ്യില്‍ ഒരു ടിക്കറ്റ് അധികം ഉണ്ടായിരുന്നു. ടിക്കറ്റ് കിട്ടാതെ നിരാശനായ ഒരു ആരാധകന്‍ കെഞ്ചി പുറകെകൂടിയപ്പോള്‍ ആ ടിക്കറ്റ് അവന് കൊടുത്തു. ചിത്രം ആരംഭിച്ചു. ആരാധകരുടെ ആര്‍പ്പുവിളിയും ആവേശവും എല്ലാം തുടക്കത്തിലുണ്ടായിരുന്നു. പക്ഷെ ബുദ്ധിജീവിയായ ബി.ഉണ്ണികൃഷ്ണന്റെ തത്വചിന്തകള്‍ കഥാപാത്രങ്ങളുടെ വായിലൂടെ ഉതിരാന്‍ തുടങ്ങിയപ്പോള്‍ തന്നെ ആവേശം തണുക്കാന്‍  തുടങ്ങി. ഇടയ്ക്ക് രണ്ട് മൂത്രപ്പാട്ടുകള്‍ ഉണ്ടായിരുന്നത് ഒരു ആശ്വാസമായിരുന്നു.(പാട്ടുയരുമ്പോള്‍ ജനം തുരുതുരാ ടോയ്വലെറ്റില്‍ പോവുന്നത് കാണുമ്പോള്‍ ഈ പാട്ടിനെ മറ്റെന്തു വിളിക്കാന്‍).
 

 

പതിവ് കഥ. ഭാര്യയേയും മകളേയും വകവരുത്തുന്ന വില്ലനെതിരെ പ്രതികാരവുമായി ഇറങ്ങിതിരിക്കുന്ന നായകന്‍. സമൂഹത്തിലെ അനീതിയോടും അവഗണനയോടും അടരാടുന്ന മറ്റൊരു അന്യഭാഷാനടന്‍. വില്ലന്‍ നീയാണോ ഞാനാണോ എന്നു ചോദിക്കാന്‍, അവര്‍ തമ്മിലൊരു കഥാബന്ധം സ്ഥാപിക്കാന്‍ കഴിയാതെ പോയ തിരക്കഥ. ഈ വിഭവങ്ങളൊക്കെ വെച്ച് ഒരു ത്രില്ലര്‍ ഒരുക്കാം, വിജയിപ്പിക്കാം. പക്ഷെ അതിന് തിരക്കഥ കാമ്പുള്ളതാവണം, യുക്തിഭദ്രമാവണം. അതാണ് ഈ ചിത്രത്തെ ഒരു ദുരന്തമാക്കി മാറ്റിയത്. വില്ലന്‍ എന്ന പേരില്‍ നിന്ന് ഒരു ശക്തനായ ഒരു വില്ലനെയെങ്കിലും പ്രതീക്ഷിക്കും. പക്ഷെ അതും ഇല്ല.  വില്ലനും നായകനും ഒരാളില്‍ തന്നെയുണ്ടെന്നു എത്രയോ കാലമായി പറയുന്ന ഫിലോസഫി, സെന്റിമെന്റ്‌സിനു വേണ്ടി കുത്തി തിരുകിയ കുറേ ഡയലോഗുകളും. ഉണ്ണികൃഷ്ണനും ലാലും ചേര്‍ന്നൊരു ചിത്രത്തില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു. ട്രെയിലര്‍ കണ്ടൊരു ആവേശവും പ്രതീക്ഷയും ഉണ്ടായിരുന്നു. ട്രെയിലര്‍ എഡിറ്റു ചെയ്തയാളെ ഈ ചിത്രം ഏല്‍പ്പിച്ചിരുന്നെങ്കില്‍ ചിത്രം കുറേക്കൂടേ മെച്ചപ്പെട്ടേനേ.

 

ഇതൊക്കെ കാണുമ്പോഴാണ് ഒരു ചിത്രത്തില്‍ സംവിധായകന്റെ പ്രസക്തി ഒന്നുകൂടി ബോധ്യമാവുന്നത്. ഒരു ത്രില്ലര്‍ ഒരുക്കാന്‍ സംവിധായകന്‍ ഒരുപാട് പഠിക്കേണ്ടതുണ്ടെന്നു തോന്നി. ഐ.വി ശശിയുടെ പഴയ ചിത്രങ്ങളൊക്കെ ഒന്നെടുത്ത് വീണ്ടും കാണുന്നത് നന്നായിരിക്കും.  പുലിമുരുകന്‍ ഒരുക്കിയ വൈശാഖിനെങ്കിലും ശിഷ്യപ്പെടണമായിരുന്നു ഈ സംവിധായകന്‍. സായികുമാറിനും രണ്‍ജിപണിക്കര്‍ക്കും ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വേഷം നല്‍കിയ ഉണ്ണികൃഷ്ണനോട് പ്രേക്ഷകര്‍ ക്ഷമിക്കുമോ എന്ന് കണ്ടറിയണം. ഞങ്ങളോട് കെഞ്ചി ടിക്കറ്റ് വാങ്ങിയ ആരാധകന്‍ ഇതിനകം ഉറങ്ങി കഴിഞ്ഞിട്ടുണ്ടായിരുന്നു. ഭാഗ്യം!
 
   

കക്കൂസില്‍ പോവാന്‍ മനോരമ പത്രം വേണമെന്ന് പറയുന്ന ഇടവേള ബാബുവിനോട് ന്യൂസുകള്‍ ഷിറ്റാണെന്നു പറയാന്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെ കൊണ്ടു വന്നതെല്ലാം കാണുമ്പോള്‍ ഹാ കഷ്ടം എന്നല്ലാതെന്തു പറയാന്‍. ചിത്രത്തില്‍ പറയും പോലെ പ്രതികാരമനസ് അവനവനെ തന്നെ കാര്‍ന്നു തിന്നുമെന്ന് പറയുന്നതെത്ര ശരി. ന്യൂസുകളോടുള്ള ഈ അസഹിഷ്ണുത തികഞ്ഞ ജനാധിപത്യവാദിയായ ഈ സംവിധായകന്റെ ഒരു ബലഹീനതയാണ്! ദിലീപിനെ അറസ്റ്റ്  ചെയ്തതിലും അതിന്റെ വാര്‍ത്തകള്‍ വരുന്നതിലും, പിന്നെ ആന്റണി പെരുമ്പാവൂരിനും അതങ്ങിനെയാണ്.
 

 

പക്ഷെ ഏത് പൊട്ടപടമായാലും തന്റെ കഥാപാത്രത്തെ അനശ്വരമാക്കുന്ന ലാല്‍മാജിക്കാണ് ഈ ചിത്രത്തിന്റെ ഏക പ്ലസ് പോയിന്റ്. ഉള്ളരുക്കത്തോടെയാണെങ്കിലും പോരാട്ടവീര്യം ചോര്‍ന്നുപോവാത്ത മാത്യൂസ് മാഞ്ഞൂരാന്‍ നമ്മുടെ മനസിലുണ്ടാവും. ആ സാള്‍ട്ട് ആന്റ് പെപ്പര്‍ ഗെറ്റപ്പും. അഭിനയശേഷിയുമുള്ളൊരു നടനെ ഇത്തരമൊരു രൂപത്തില്‍ കിട്ടിയിട്ടും വില്ലനെ ഒരു നനഞ്ഞപടക്കമാക്കി മാറ്റിയ സംവിധായകനാണിവിടെ യഥാര്‍ഥ വില്ലന്‍. കാശു മുടക്കി തിയേറ്ററിലെത്തുന്ന പ്രേക്ഷകനെ ഒട്ടും ബഹുമാനമില്ലാത്ത വില്ലന്‍. മഹേഷിന്റെ പ്രതികാരവും രക്ഷാധികാരി ബൈജുവും ദൃക്‌സാക്ഷിയുമെല്ലാമായി മാറുന്ന മലയാള സിനിമയുടെ അഭിരുചികളെ വീണ്ടും പഴയകാല ഹീറോയിസത്തിലേക്ക് തളച്ചിടാന്‍ ശ്രമിക്കുന്ന ഈ വില്ലത്തരത്തിന് സിനിമാപ്രേമികള്‍ മാപ്പു നല്‍കുമെന്നു തോന്നുന്നില്ല.

Tags: