കളിയിൽ രാജ്യസ്നേഹത്തെ കുഴയ്ക്കുന്നത് രാജ്യദ്രോഹം

K.G Jyothir Ghosh
Mon, 20-11-2023 10:10:36 PM ;

ലോകകപ്പ് ഫൈനൽ ദിനമായ ഞായറാഴ്ചത്തെ മാധ്യമങ്ങളിലേക്ക് വിശേഷിച്ചും പത്രങ്ങളിലേക്ക് നോക്കിയാൽ ഓർമ്മ വരുന്ന വാക്ക് ജുഗുപ്സാവഹം (Despicable) ആയിരുന്നു. ഇന്ത്യയുടെ ജയപ്രതീക്ഷയെ രാജ്യസ്നേഹത്തിൽ പഴുങ്ങിയും പൊരിച്ചുമൊക്കെ ഒരുമാതിരി കുഴിമന്തി വിളമ്പിയതു പോലെ. ഞാൻ സ്റ്റോർട്സ് പ്രേമിയേ അല്ല. എന്നാൽ കളിരസതൽപ്പരനും. ഉന്മേഷം, ഉത്സാഹം, രസം ഇവയൊക്കെയാണല്ലോ കളിരസം. രാജ്യസ്നേഹം നുണഞ്ഞ് രുചിച്ച് ഏമ്പക്കം വിട്ട് സുഖിക്കാനുള്ള അവസരമാക്കി കളിയെ ആസ്വദിക്കാൻ ശ്രമിച്ചാൽ ഫലം ഷണ്ഡത്വം. അതാണ് ലോകകപ്പ് ഫൈനലിലൂടെ ഇന്ത്യൻ ടീമിൽ പ്രകടമായത്. കളിക്കളത്തിൽ വേണ്ടത് കളിക്കുന്നവരെ. അതാണ് യഥാർത്ഥ രാജ്യസ്നേഹം. അങ്ങനെയുള്ള രാജ്യ സ്നേഹം വ്യക്തിക്കും സമൂഹത്തിനും  രാജ്യത്തിനും ലോകത്തിനും ഗുണകരമാകും. ഇന്ത്യ തുടക്കത്തിലേ തോൽവി ഏറ്റുവാങ്ങിക്കഴിഞ്ഞു. സ്റ്റേഡിയത്തെ നീലയിൽ മുക്കിയ കാണികൾ ക്രിക്കറ്റ് കളി പ്രേമികളായിരുന്നില്ല. മറിച്ച് വിഷാദ രോഗികൾ. കളിപ്രേമികൾ നല്ല കളി എവിടെ, ആരിൽ നിന്നു കണ്ടാലും ആസ്വദിക്കും; കൈയ്യടിക്കും. ഓസിസിൻ്റെ ട്രാവിസ് ഹെഡ്‌ സെഞ്ച്വറി നേടിയപ്പോൾ ആ നീലക്കടൽ സ്റ്റേഡിയത്തിൽ നിന്ന് നിശബ്ദതയായിരുന്നു മുഴങ്ങിയത്. ഒരു കൈയ്യടിത്തിര പോയിട്ട് അതിൻ്റെ ഓളം പോലുമുണ്ടായില്ല. വിഷാദമനുഭവിക്കുന്നവരിൽ ഊർജമുണ്ടാകില്ല. മാധ്യമങ്ങളിലൂടെയും രാഷ്ട്രീയപാർട്ടികളിലൂടെയും സൃഷ്ടിക്കപ്പെട്ട ഈ രാജ്യസ്നേഹത്തിൻ്റെ അതേ ധാതുലവണങ്ങളാണ് വർഗ്ഗീയതയിൽ തുടങ്ങി സകലവിധ പ്രാദേശിക വികാരങ്ങളിലും, ഭീകരവാദ സംഘടനകളിലും പ്രവർത്തിക്കുന്നത്. അളവിലുള്ള വ്യത്യാസം മാത്രം. ഈ വികാരത്തെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങൾ യാഥാർത്ഥത്തിൽ രാജ്യത്തിന് ദ്രോഹകരമായ പ്രവൃത്തിയാണ് ചെയ്യുന്നത്. അതറിയണമെങ്കിൽ ലോകകപ്പ് ഫൈനലിലെ ഇന്ത്യൻ ക്യാപ്റ്റനിലേക്കും ടീമിലേക്കും ഗ്യാലറിയിലേക്കും നോക്കിയാൽ മതി. കളി മറന്ന് മാന്ദ്യം ബാധിച്ചവർ. ബൗൾ ചെയ്ത ഇന്ത്യൻ കളിക്കാരെയല്ല; മറിച്ച് ചലിക്കുന്ന ജഡാവസ്ഥയിലുള്ളവരെയാണ് കാണാൻ കഴിഞ്ഞത്. സമാന അവസ്ഥ കണ്ടിട്ടാണ് കൃഷ്ണൻ അർജുനനോട് പറഞ്ഞത്, " ഷണ്ഡത്വം കളഞ്ഞിട്ട് എഴുന്നേറ്റ് അമ്പും വില്ലുമെടുത്ത് യുദ്ധം ചെയ്യടാവേന്ന് " . യുദ്ധമായാലും കളിയായാലും കളത്തിലിറങ്ങിയാൽ പൂർണ്ണമായും അതിലേർപ്പെടുക. ജയപരാജയങ്ങൾ സ്വാഭാവികം. തൻ്റെ കുഞ്ഞനുജന്മാരുടെ വിഷാദവും കരച്ചിലും മുഖം പൊത്തലും കണ്ടിട്ടാണ് കളിക്കു തൊട്ടുപിന്നാലെ ഗവാസ്കർ നടത്തിയ ഈ പ്രസ്താവനയെന്നു തോന്നുന്നു,  "ഇന്ത്യൻ ടീം ഇന്നത്തെ ചാമ്പ്യൻ ടീമിനോടു തോറ്റതിൽ ഒട്ടും ലജ്ജ തോന്നേണ്ട കാര്യമില്ല. ചാമ്പ്യൻമാരോടാണ് നഷ്ടപ്പെട്ടത്. അതിഗംഭീരമായ മികവാണ് അവർ ലോകകപ്പിൻ്റെ തുടക്കം മുതൽ കാട്ടിയത് " എന്ന്. ആരോഗ്യമുള്ള വ്യക്തിയും സമൂഹവുമാണ് രാജ്യത്തിനാവശ്യം. അത് ലോകത്തിനും ഗുണകരമാകും. അപ്പോൾ രാജ്യസ്നേഹമെന്നത് സങ്കുചിതത്വത്തിൻ്റെ അതിർത്തികൾ അപ്രസക്തമാക്കി വിശാലമാകും. കളി വിനോദത്തിനാണ്. കളിക്കുന്നവർക്കും കാണികൾക്കും.  കളിയിൽ വിനോദത്തിനു പകരം യുദ്ധം കണ്ടാൽ ഫലം വിഷാദം . ഈ രോഗാവസ്ഥയുടെ മൂർദ്ധന്യമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കളിക്കുമ്പോൾ കാണുന്നത്.

Tags: