ദിലീപിന്റെ ജാമ്യഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി; അതുവരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് പോലീസ് കോടതിയില്‍

Glint Desk
Fri, 14-01-2022 02:14:27 PM ;

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റി. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി. ജസ്റ്റിസ് പി ഗോപിനാഥാണ് ഹര്‍ജി പരിഗണിച്ചത്. 

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കവേ പറഞ്ഞു. മുന്‍കൂര്‍ ജാമ്യഹര്‍ജി ചൊവ്വാഴ്ചയ്ക്ക് പരിഗണിക്കാന്‍ മാറ്റി. അത് വരെ ദിലീപിന്റെ അറസ്റ്റുണ്ടാകുമോ എന്ന് കോടതി ആരാഞ്ഞപ്പോള്‍, ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ന് ഹര്‍ജി പരിഗണിക്കും. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് ശക്തമായിത്തന്നെ എതിര്‍ത്തിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നേരിട്ട് തന്നെ കോടതിയില്‍ ഹാജരായി. 

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. അപായപ്പെടുത്താന്‍ ഗൂഢാലോചനയെന്ന കേസ് പോലീസിന്റെ കള്ളക്കഥ ആണെന്നും മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹര്‍ജിയില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ ദുര്‍ബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്റെ ഹര്‍ജിയിലെ പ്രധാന ആരോപണം.

Tags: