ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെയും മറ്റന്നാളും തീവ്ര മഴയ്ക്ക് സാധ്യത

Glint Desk
Tue, 19-10-2021 01:35:44 PM ;

സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ 11 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും യെല്ലോ അലര്‍ട്ടാണ്. പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.  ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.  

കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്ന് തുടങ്ങി. ഇടുക്കി ചെറുതോണി അണക്കെട്ടും പമ്പ അണക്കെട്ടും ഇടമലയാറും ഇന്ന് തുറന്നു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇടുക്കി ഡാം തുറന്നത്. മൂന്ന് തവണ മുന്നറിയിപ്പ് സൈറണ്‍ മുഴക്കിയ ശേഷമാണ് മൂന്ന് ഷട്ടറുകളും തുറന്നത്. ഇടുക്കി ഡാം തുറക്കുന്നതിനു മുന്‍പ് മുന്‍കരുതലായാണ് ഇടമലയാര്‍ ഡാം തുറന്നത്. ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ആശങ്കയുടെ സാഹചര്യം ഇല്ലെങ്കിലും നദി തീരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags: