യുവതികളെ വര്‍ഗീയതയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമംനടക്കുന്നില്ല; സി.പി.എം റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി

Glint Desk
Mon, 04-10-2021 02:49:24 PM ;

പ്രൊഫഷണല്‍ കോളേജ് കാമ്പസുകള്‍ കേന്ദ്രീകരിച്ച്  യുവതികളെ വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന സി.പി.എം  കത്ത് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരമൊരു ശ്രമം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി. സംസ്ഥാന ഇന്റലിജന്‍സ് മേധാവി ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. എം കെ മുനീര്‍, നജീബ് കാന്തപുരം എന്നിവരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കാമ്പസുകളില്‍ യുവതികളെ വര്‍ഗീയതയിലേക്കും മതതീവ്രവാദത്തിലേക്കും ആകര്‍ഷിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നുവെന്നായിരുന്നു സി.പി.എം കത്ത്. 

പാര്‍ട്ടി സമ്മേളനങ്ങള്‍ക്കായി കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ കത്തിലായിരുന്നു ഈ പരാമര്‍ശം. സി.പി.എം ഇക്കാര്യം പറഞ്ഞത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. 

വിഭാഗീയ ശക്തികള്‍ സമൂഹമാധ്യമങ്ങളുടെ വിദ്വേഷ പ്രചരണം നടത്തുന്നുണ്ട്. വാട്‌സ്ആപ്പ് ഹര്‍ത്താലും, വര്‍ഗീയ പ്രചരണവും നടത്തി സംഘര്‍ഷം സൃഷ്ടിക്കാന്‍ നീക്കം നടക്കുന്നു. ഇത്തരകാര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നുണ്ട്. മറ്റൊരു ഭാഗത്ത് വ്യാജ വാര്‍ത്തകള്‍ നല്‍കി വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി കുറ്റപ്പെടുത്തി.ഇത് തടയാനായി രഹസ്യാന്വേക്ഷണ വിഭാഗവും സൈബര്‍ സെല്ലും പരിശോധന ശക്തമാക്കി. ഇത്തരം സംഭവങ്ങളില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ കേസ് എടുത്തതായും മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കി.

Tags: