പാലാ ബിഷപ്പിന്റെ പ്രസ്താവന നിര്‍ഭാഗ്യകരം; ഒരുതരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്ത പദമെന്ന് മുഖ്യമന്ത്രി

Glint Desk
Wed, 22-09-2021 10:36:37 AM ;

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാര്‍ക്കോട്ടിക് ജിഹാദ് ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്ത പദമാണ്. ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ നടത്താന്‍ പാടില്ലാത്ത പ്രസ്താവനയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം പെരുവമ്പ് ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

'ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. നാര്‍ക്കോട്ടിക് വ്യാപനത്തിനെതിരെ നടപടി സ്വീകരിക്കും. എന്നാല്‍ നാര്‍ക്കോട്ടിക് ജിഹാദ് എന്ന പ്രസ്താവന നിര്‍ഭാഗ്യകരമാണ്. വസ്തുതാപരമായി കാര്യങ്ങള്‍ മനസിലാക്കി വേണം പൊതുസമൂഹത്തില്‍ അവതരിപ്പിക്കാന്‍. ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്ത പദമാണ് നാര്‍ക്കോട്ടിക് ജിഹാദ്.'

നാടിനെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ വര്‍ഗീയ ചിന്താഗതിക്കാര്‍ നടത്തിയിട്ടുണ്ട്. വര്‍ഗീയ സംഘടനകള്‍ കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. കേരളം മതനിരപേക്ഷതയുടെ വിളനിലമാണ്. അതിനെ തകര്‍ക്കാന്‍ ഏത് കേന്ദ്രത്തില്‍ നിന്ന് ശ്രമമുണ്ടായാലും നമ്മുടെ നാട് അതിനെ ചെറുക്കും. നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് ഇത്തരം പ്രസ്താവനയെ പിന്താങ്ങുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Tags: