നവോത്ഥാന നായകനെങ്കില്‍ മകളെ പട്ടികജാതിക്കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കണമായിരുന്നു: കൊടിക്കുന്നില്‍

Glint Desk
Sat, 28-08-2021 01:20:47 PM ;

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കുമെതിരെ വിവാദ പരാമര്‍ശങ്ങളുമായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റും മാവേലിക്കര എം.പിയുമായ കൊടിക്കുന്നില്‍ സുരേഷ്. മുഖ്യമന്ത്രി നവോത്ഥാന നായകനായിരുന്നുവെങ്കില്‍ സ്വന്തം മകളെ ഒരു പട്ടികജാതിക്കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കണമായിരുന്നുവെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. പട്ടികജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കുന്നതിനായി മുഖ്യമന്ത്രി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയോഗിച്ചുവെന്നും കൊടിക്കുന്നില്‍ ആരോപിച്ചു. എസ്.സി./എസ്.ടി ഫണ്ട് തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ ധര്‍ണയിലാണ് കൊടിക്കുന്നിലിന്റെ വിവാദ പരാമര്‍ശം.

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് വ്യക്തമാക്കി. നവോത്ഥാനം സ്വന്തം കുടുംബത്തില്‍ നടപ്പാക്കി കാണിക്കണമായിരുന്നു എന്നാണ് പറഞ്ഞത്.  ഈ വിഷയം  കേരളം നേരത്തേ ചര്‍ച്ച ചെയ്തതാണ്.  മറ്റു രീതിയില്‍ അതിനെ വ്യാഖ്യാനിക്കേണ്ടതില്ല. മുഖ്യമന്ത്രിയെ നവോഥാന നായകന്‍ എന്നു പറയുന്നതിലെ ആത്മാര്‍ത്ഥതയെയാണ് താന്‍ ചോദ്യം ചെയ്തതെന്നും  കൊടിക്കുന്നില്‍ വിശദീകരിച്ചു.

കൊടിക്കുന്നിലിനെതിരെ ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം രംഗത്തെത്തി. കേരളത്തെ പുറകോട്ടടിപ്പിക്കുന്ന പ്രസ്താവനയാണ് കൊടിക്കുന്നിലില്‍ നിന്നുണ്ടായതെന്നും തീര്‍ത്തും അപരിഷ്‌കൃതമായ പ്രതികരണമാണിതെന്നും എ.എ.റഹീം പ്രതികരിച്ചു. 

കൊടിക്കുന്നിലിന്റെ വാക്കുകള്‍;

''പട്ടികജാതിക്കാരോട് കടുത്ത അവഗണനയാണ് മുഖ്യമന്ത്രി കാണിക്കുന്നത്. ശബരിമല വിവാദങ്ങള്‍ക്ക് ശേഷം അദ്ദഹം നവോത്ഥാന നായകനാണെന്നാണ് പറയുന്നത്. അദ്ദേഹമൊരു നവോത്ഥാന നായകനായിരുന്നുവെങ്കില്‍ മകളെ ഒരു പട്ടികജാതിക്കാരന് വിവാഹം ചെയ്തു കൊടുക്കണമായിരുന്നു. ഈ നവോത്ഥാനമൊക്കെ തട്ടിപ്പാണ്. എത്രയോ നല്ല പട്ടികജാതിക്കാരായ ചെറുപ്പക്കാര്‍ സിപിഎമ്മിലുണ്ട്. പിണറായി വിജയന്‍ നവോത്ഥാനം പറയുന്നത് അധികാരക്കസേര ഉറപ്പിക്കാന്‍ വേണ്ടി മാത്രമാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് മന്ത്രിമാരെ തീരുമാനിച്ചത് തന്നെ കടുത്ത വിവേചനമല്ല. രാധാകൃഷ്ണന്‍ മന്ത്രിക്ക് ദേവസ്വം കൊടുത്ത് നവോത്ഥാനം നടത്തി എന്നാണ് പറയുന്നത്.   ദേവസ്വം വകുപ്പില്‍ എന്ത് നവോത്ഥാനമാണുള്ളത്.'' 

Tags: