ടി.പി.ആര്‍ പത്തിന് മുകളില്‍; കടുത്ത നിയന്ത്രണം വേണം, കേരളത്തിന് കേന്ദ്രമാര്‍ഗരേഖ

Glint desk
Sun, 01-08-2021 11:26:50 AM ;

രാജ്യത്ത് കുതിച്ചുയരുന്ന കൊവിഡ് കേസുകളുള്ള പത്ത് സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. 10 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഒഡിഷ, അസം, മിസോറം, മേഘാലയ, ആന്ധ്രാപ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശനനിര്‍ദേശം നല്‍കിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ എങ്ങനെ നടപ്പാക്കണമെന്ന നാലിന മാര്‍ഗരേഖ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി. 

ഈ ഘട്ടം നിര്‍ണായകമാണെന്നും, ഇവിടെ എന്തെങ്കിലും പിഴവുകള്‍ പറ്റിയാല്‍ സ്ഥിതി ഗുരുതരമാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു. രാജ്യത്തെ 46 ജില്ലകളില്‍ നിലവില്‍ 10 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുണ്ട്. 53 ജില്ലകളില്‍ 5 ശതമാനത്തിനും പത്ത് ശതമാനത്തിനും ഇടയിലാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. ഇത് പത്ത് ശതമാനത്തിലേക്ക് എത്തുന്നത് തടയാനാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ നിര്‍ദേശം നല്‍കുന്നത്. 

നാലിന മാര്‍ഗരേഖയാണ് പത്ത് സംസ്ഥാനങ്ങള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ ആദ്യത്തേത്, 1. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ കര്‍ശന കണ്ടെയ്ന്‍മെന്റ് നടപടികളും നിരീക്ഷണവും തുടരുക. 2. കേസുകള്‍ കൃത്യമായി അടയാളപ്പെടുത്തി കോണ്ടാക്ട് ട്രെയ്‌സിംഗ് നടത്തുക, കണ്ടെയ്ന്‍മെന്റ് സോണുകള്‍ കേസുകളുടെ അടിസ്ഥാനത്തില്‍ നടത്തുക. 3. ഗ്രാമീണമേഖലകളില്‍ ആരോഗ്യ സംവിധാനം മെച്ചപ്പെട്ടതാക്കുക. ഇത് കുട്ടികള്‍ക്ക് മികച്ച ചികിത്സ നല്‍കാനുള്ള തരത്തിലുള്ളതാകണം. 4. ഐ.സി.എം.ആര്‍ മാര്‍ഗരേഖ അനുസരിച്ച് കൃത്യമായി മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്യുക. വലിയ ആള്‍ക്കൂട്ടങ്ങളോ, അനാവശ്യയാത്രകളോ വിലക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

കേരളത്തിലെയും മഹാരാഷ്ട്രയിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും സ്ഥിതി ആശങ്കാജനകമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ദിനംപ്രതി 8000-ത്തിലധികം പുതിയ കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കില്‍ കേരളത്തിലിത് 20,000-ത്തില്‍ കൂടുതലാണ്. മിക്ക ദിവസങ്ങളില്‍ രാജ്യത്തെ കൊവിഡ് കണക്കുകളില്‍ ഏതാണ്ട് 50 ശതമാനവും കേരളത്തില്‍ നിന്നാണ്. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ചെറിയ വര്‍ദ്ധനയേ ഉള്ളൂവെങ്കിലും ഈ സംസ്ഥാനങ്ങളോടും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Tags: