മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ല; ചിലര്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ആരോഗ്യമന്ത്രി

Glint desk
Thu, 15-04-2021 11:30:16 AM ;

മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. ചിലര്‍ അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും കൊവിഡ് നെഗറ്റീവായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം മുഖ്യമന്ത്രി വീട്ടില്‍ തുടരുകയായിരുന്നുവെന്നും പൊതുപരിപാടികളില്‍ പങ്കെടുക്കാനല്ല മുഖ്യമന്ത്രി പോയതെന്നും കെ.കെ ഷൈലജ പറഞ്ഞു. കൊവിഡ് പോസിറ്റീവായതോടെ വീട്ടില്‍ തന്നെ തുടരാമെന്ന് മുഖ്യമന്ത്രിയാണ് പറഞ്ഞത്. എന്നാല്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. വലിയ രോഗലക്ഷണമൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഈ മാസം നാലുമുതല്‍ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് മുഖ്യമന്ത്രി കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായുള്ള ആരോപണം ശക്തമായത്. നാലാം തീയതിക്കുശേഷം മുഖ്യമന്ത്രി പൊതുയോഗങ്ങളില്‍ പങ്കെടുക്കുകയും ആള്‍ക്കൂട്ടത്തിനൊപ്പം വോട്ടുചെയ്യാനെത്തുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങള്‍ കൊവിഡ് ബാധിതരായതിനെ തുടര്‍ന്നാണ് സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഈ മാസം എട്ടിന് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അന്നു തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു.

Tags: