കേരളത്തില്‍ 18നും 60നും ഇടയ്ക്കുള്ളവരില്‍ കൊവിഡ് മരണനിരക്ക് കൂടുന്നു; ആശങ്ക

Glint desk
Thu, 15-04-2021 10:48:18 AM ;

രാജ്യത്താകെ കൊവിഡ് വ്യാപനം തീവ്രമാണ്. സംസ്ഥാനത്തും പ്രതിദിനം രേഖപ്പെടുത്തുന്ന കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. ഇപ്പോള്‍ ആശങ്ക ഉയര്‍ത്തുന്ന വിവരമാണ് പുറത്തു വരുന്നത്. സംസ്ഥാനത്ത് 18നും 60നും ഇടയില്‍ പ്രായമുള്ളവരില്‍ കൊവിഡ് ബാധയും കൊവിഡ് ബാധിച്ചുള്ള മരണവും കൂടുന്നു. കൊവിഡ് ബാധിതരാകുന്ന ഇവരില്‍ പലരും കൃത്യസമയത്ത് ചികിത്സ എടുക്കാത്തതും അവരിലെ ജീവിതശൈലീ രോഗങ്ങളുമാണ് മരണനിരക്ക് കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കൊവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും നിലനില്‍ക്കുന്നതിനാല്‍ സമൂഹവുമായി ഏറ്റവും കൂടുതല്‍ അടുത്തിടപെഴകുന്നത് 18 വയസ്ല് മുതല്‍ 60 വയസ്സ് വരെ പ്രായമുള്ളവരാണ്. ഇതുതന്നെയാണ് ഇവരിലെ രോഗ ബാധയ്ക്ക് കാരണവും.

രോഗം ബാധിച്ചാല്‍ ഇവരില്‍ പലരും അത് കാര്യമാക്കുന്നില്ല. നിസ്സാരമെന്ന് കരുതി ചികില്‍സ എടുക്കാനും വൈമുഖ്യം. ഇത് രോഗ ബാധ തീവ്രമാകാന്‍ കാരണമാകുന്നുണ്ട്. ജീവിതശൈലി രോഗങ്ങളില്ലാത്തവരില്‍ പോലും ഈ ഘട്ടത്തില്‍ ഹൃദ്രോഗം അടക്കം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നു. ഇതോടെ ഈ പ്രായത്തിലുള്ളവരിലെ മരണവും കൂടുന്നു. 18 വയസ്സ് മുതലുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കി രോഗ തീവ്രത കുറയ്ക്കാനുള്ള നടപടികള്‍ വേണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. 

17 വയസ്സ് വരെയുള്ള കുട്ടികളില്‍ കൊവിഡ് ബാധ 12 പേരുടെ ജീവന്‍ കവര്‍ന്നു. 18 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ളവരിലെ കൊവിഡ് ബാധിച്ചുള്ള മരണം 170 ആയി. 41 വയസ് മുതല്‍ 59 വയസ്സ് വരെയുള്ളവരില്‍ 976 പേരും മരണത്തിന് കീഴടങ്ങി. ഇത് നിയന്ത്രിക്കാന്‍ അടിയന്തരമായി യുവാക്കള്‍ക്കിടയിലും വാക്‌സീന്‍ എത്തിക്കാനുള്ള നടപടികള്‍ ഉടനടി എടുത്തേ തീരൂവെന്ന് ആരോഗ്യവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: