കൊവിഡ് വ്യാപനം; സംസ്ഥാനത്ത് അടുത്ത മൂന്ന് ആഴ്ച നിര്‍ണ്ണായകം

Glint desk
Thu, 08-04-2021 07:12:01 PM ;

രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേരളത്തിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകമാണെന്നും ഈ സാഹചര്യം മുന്നില്‍ കണ്ട് എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 'ബാക് ടു ബേസിക്‌സ്' കാമ്പയിന്‍ ശക്തിപ്പെടുത്തുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എല്ലാവരും സ്വയംരക്ഷ നേടുന്നതിന് കൊവിഡ് പ്രതിരോധം ആദ്യ ദിനങ്ങളിലെ പോലെ തന്നെ ശക്തമാക്കേണ്ടതുണ്ട്. സോപ്പും മാസ്‌കും സാമൂഹിക അകലവും മറക്കരുത്. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കേണ്ടതാണ്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇടയ്ക്കിടയ്ക്ക് കൈകള്‍ സാനിറ്റൈസര്‍ കൊണ്ടോ സോപ്പുപയോഗിച്ചോ വൃത്തിയാക്കണം.

സിറോ സര്‍വയലന്‍സ് സര്‍വേ പ്രകാരം സംസ്ഥാനത്ത് 10.76 ശതമാനം പേര്‍ക്കുമാത്രമേ കൊവിഡ് വന്നുപോയിട്ടുള്ളൂ. 89 ശതമാനം ആളുകള്‍ക്കും കൊവിഡ് വന്നിട്ടില്ലാത്തതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. 45 വയസ് കഴിഞ്ഞവര്‍ കഴിയുന്നതും വേഗത്തില്‍ കൊവിഡ് വാക്‌സിനെടുക്കേണ്ടതാണ്. പ്രായമുള്ളവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും കൊവിഡ് ബാധിച്ചാല്‍ സങ്കീര്‍ണമാകും. അതിനാല്‍ തന്നെ ബാക് ടു ബേസിക്‌സ് കാമ്പയിന്‍ എല്ലാവരും ഏറ്റെടുക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 

പ്രതിദിന കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആര്‍.ടി.പി.സി.ആര്‍ പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 33,699 ആര്‍.ടി.പി.സി.ആര്‍ പരിശോധന ഉള്‍പ്പെടെ ആകെ 60,554 പരിശോധനകളാണ് നടത്തിയത്. സംസ്ഥാനത്തിന് പുറത്തുനിന്നും വരുന്നവരുടെ ഒരാഴ്ച ക്വാറന്റൈനും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Tags: