വട്ടിയൂര്‍ക്കാവില്‍ ഏ.കെ.യുടെ സ്ഥാനാര്‍ത്ഥി ശശി തരൂര്‍

Glint desk
Sat, 27-02-2021 12:06:12 PM ;

കോണ്‍ഗ്രസ് വിവിധ മണ്ഡലങ്ങളിലേക്ക് ഒളിപ്പിച്ചു വച്ച സ്ഥാനാര്‍ത്ഥികളിലൊരാള്‍ ശശി തരൂര്‍ എം.പി. ഇദ്ദേഹത്തെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാനാണ് ആലോചന. ഇതേപ്പറ്റി മുതിര്‍ന്ന നേതാവ് ഏ.കെ.ആന്റണി ചില വിശ്വസ്ഥരുടെ അഭിപ്രായം ആരാഞ്ഞതായാണ് വിവരം. ശശി തരൂരിനെയും യു.ഡി.എഫി ന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തി മത്സരം കൊഴുപ്പിച്ചാല്‍ കേരളത്തില്‍ യുവാക്കളുടെ ഇടയില്‍ വലിയ ചലനമുണ്ടാക്കാനാവുമെന്നാണ് ഉന്നതങ്ങളിലെ വിലയിരുത്തല്‍. രണ്ടു തടസ്സമാണ് മുമ്പിലുള്ളത്. ഒന്ന്, എം.പി. മാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന പാര്‍ട്ടി മാര്‍ഗ്ഗ നിര്‍ദ്ദേശം. മറ്റൊന്ന് മുഖ്യമന്ത്രി പദത്തിനായി രംഗത്തുള്ള ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എതിരു നില്‍ക്കുമോ എന്ന ആശങ്ക.

പാര്‍ട്ടി നേതൃത്വം ഇളവ് നല്‍കിയാല്‍ എം.പി പദവി ശശി തരൂരിന്റെ മത്സരത്തിന് വിലങ്ങുതടിയാവില്ല. പക്ഷേ രണ്ടാമത്തെ പ്രശ്‌നം എങ്ങനെ പരിഹരിക്കുമെന്നതിലാണ് നേതൃത്വത്തിന് ഉത്ക്കണ്ഠ.  എങ്ങനെയും ഇക്കുറി ജയിച്ചേ മതിയാകൂ എന്നതാണ് കോണ്‍ഗ്രസിന്റെ മുമ്പിലുള്ള വെല്ലുവിളി. അതിന് നേതാക്കള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് ഇറങ്ങി വരണം. കാലം ആവശ്യപ്പെടുന്നവരെ നേതാക്കളായി അവതരിപ്പിക്കണം. വിജ്ഞാനം കൊണ്ടും ബുദ്ധി വൈഭവം കൊണ്ടും കോണ്‍ഗ്രസില്‍ പകരം വയ്ക്കാനില്ലാത്ത ശശി തരൂരിനെ മത്സര രംഗത്തിറക്കിയാല്‍ അത് തിരുവനന്തപുരത്ത് വലിയ മുന്നേറ്റമുണ്ടാക്കും. തരൂര്‍ നയിക്കുന്ന ഒരു സര്‍ക്കാര്‍ വരുമെന്ന പ്രതീതി കേരളമാകെ യു.ഡി.എഫിന് അനുകൂല തരംഗമുണ്ടാക്കുമെന്നും വിലയിരുത്തലുണ്ട്. തരൂര്‍ തങ്ങള്‍ക്ക് ഭീഷണിയാണെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കാണുകയാണെങ്കില്‍ കാര്യങ്ങള്‍ തിരിഞ്ഞു കുത്തുകയും ചെയ്യും. തരൂരിന്റെ കാലുവാരിയെന്നു വരാം. ഇതാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്നത്.

അടുത്തിടെ നടത്തിയ ഏഷ്യാനെറ്റ് സര്‍വേയില്‍ രമേശിനെക്കാള്‍ ജനപ്രീതി തരൂരിന് ആയിരുന്നു. അതുപോലെ ഐശ്വര്യ യാത്രയുടെ സമാപന യോഗത്തില്‍ തരൂര്‍ എത്തിയപ്പോഴുണ്ടായ ഹര്‍ഷാരവം. ഇതെല്ലാം രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇതെല്ലാം തരൂരിനെ വച്ച് ഒരു പരീക്ഷണത്തിന് നേതൃത്വത്തെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.

Tags: