കടം മുകളിലേക്ക് വളര്‍ച്ച താഴേക്ക്; സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇടിഞ്ഞു, കടബാധ്യത 2,60,311 കോടി

Glint desk
Thu, 14-01-2021 06:00:24 PM ;

പ്രകൃതി ദുരന്തങ്ങളുടെ പ്രതിഫലനങ്ങളും കൊവിഡ് മഹാമാരിയും തിരിച്ചടിയേല്‍പ്പിച്ചതിനെ തുടര്‍ന്ന് 2020ല്‍  കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് താഴേക്ക്. സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 3.45 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 6.49 % ആയിരുന്നു. സംസ്ഥാന ആഭ്യന്തരകടത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 9.91- ശതമാനമാണ് ആഭ്യന്തര കടത്തിന്റെ വര്‍ധന.

ശമ്പളം, പലിശ, പെന്‍ഷന്‍ ചെലവ് എന്നിവ ഉയര്‍ന്നു. അതിനാല്‍ത്തന്നെ, സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311 കോടി രൂപയായി ഉയര്‍ന്നു. 1,65,960.04 കോടിയാണ് ആഭ്യന്തരകടം. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സമ്പദ് വ്യവസ്ഥ 26 ശതമാനം ചുരുങ്ങുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

പ്രകൃതി ദുരന്തങ്ങള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൊവിഡ് സമ്പദ് വ്യവസ്ഥയെ സാരമായി തന്നെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് പറഞ്ഞു. റവന്യൂ വരുമാനത്തില്‍ 2,629 കോടിയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. തനത് നികുതി വരുമാനത്തിലും കുറവുണ്ടായി. വിനോദ സഞ്ചാര മേഖലയ്ക്ക് 25,000 കോടി രൂപയുടെ നഷ്ടമാണ് കൊവിഡ് വരുത്തിയത്. 2020-ലെ ഒമ്പത് മാസത്തിനിടെയാണ് ഇത്രയും നഷ്ടമുണ്ടായത്. തൊഴിലില്ലായ്മ നിരക്ക് ഒമ്പത് ശതമാനമായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രവാസികളുടെ മടങ്ങിവരവും തിരിച്ചടിയായി. കാര്‍ഷിക മേഖലയിലും അനുബന്ധമേഖലയിലും തിരിച്ചടിയുണ്ടായി. വളര്‍ച്ചാനിരക്ക് നെഗറ്റീവായി തുടരുകയാണ്. -6.62 ശതമാനമാണ് ഇത്തവണ കാര്‍ഷികമേഖലയുടെ നെഗറ്റീവ് വളര്‍ച്ച. എന്നാല്‍ നെല്ലിന്റെ ഉത്പാദനം വര്‍ധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. 

Tags: