മുഖ്യമന്ത്രി യാക്കോബായ വിഭാഗത്തിന്റെ വക്താവാകുന്നു, നടപടി നിര്‍ഭാഗ്യകരം; ഓര്‍ത്തഡോക്സ് സഭ

Glint desk
Wed, 30-12-2020 11:49:17 AM ;

മുഖ്യമന്ത്രി പിണറായി വിജയന്‍ യാക്കോബായ വിഭാഗത്തിന്റെ മാത്രം വക്താവാകുന്നുവെന്ന വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ. മലങ്കര സഭാ തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് തങ്ങള്‍ വഴങ്ങുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണെന്ന് ഓര്‍ത്തഡോക്സ് സഭാ വക്താവ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് പ്രതികരിച്ചു.

മുഖ്യമന്ത്രി പദവിക്ക് നിരക്കാത്ത പക്ഷപാതിത്വം കാണിക്കുകയാണെന്നും ഓര്‍ത്തഡോക്സ് സഭ ആരോപിച്ചു. കോടതിവിധി നടപ്പാക്കാന്‍ ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രി ഒരു വിഭാഗത്തിന്റെ വക്താവാകുന്നത് ഖേദകരമാണ്. സഭാ തര്‍ക്കം നിലനിര്‍ത്തി ലാഭം കൊയ്യാനുള്ള ശ്രമങ്ങള്‍ ഒറ്റക്കെട്ടായ ചെറുക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പ്രശ്നപരിഹാരത്തിനായി പലവട്ടം സഭ ചര്‍ച്ചകളില്‍ പങ്കാളികളായി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളിലെല്ലാം സഭ സഹകരിച്ചു. ഈ വസ്തുതയുടെ നേരെ കണ്ണടച്ചത് നിര്‍ഭാഗ്യകരമാണ്. മുഖ്യമന്ത്രിയുടെ പരാമര്‍ശം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. വിധി അംഗീകരിക്കുന്ന അല്ലാതെ മറ്റ് പ്രശ്നപരിഹാരത്തിന് ശ്രമിക്കേണ്ടതില്ല എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും ഓര്‍ത്തഡോക്സ് സഭ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

Tags: