ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി

Glint desk
Thu, 26-11-2020 11:38:50 AM ;

പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി. ഇതോടെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലസിന് അനുമതി ലഭിച്ചു. ലേക് ഷോര്‍ ആശുപത്രിയില്‍  ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് ഒരു ദിവസത്തെ അനുമതിയാണ് ലഭിച്ചത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. നവംബര്‍ 30-നാണ് വിജിലന്‍സിന് ലേക് ഷോര്‍ ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുള്ളത്. രാവിലെ 9 മണി മുതല്‍ 12 മണി വരെയും, വൈകീട്ട് 3 മണി മുതല്‍ - 5 മണി വരെയുമാണ് ചോദ്യം ചെയ്യാന്‍ അനുമതി.

ഏഴ് നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ തള്ളിയത്. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാം. ചോദ്യം ചെയ്യുന്നതിന് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊവിഡ് ടെസ്റ്റ് നടത്തണം. പ്രതിയെ മാനസികമായും ശരീരികമായും പീഡിപ്പിക്കരുത്. ചികിത്സ തടസപ്പെടുത്തരുത്. ഒരു മണിക്കൂറിന് ശേഷം പതിനഞ്ചു മിനിറ്റ് ഇടവേള നല്‍കണം. ചോദ്യം ചെയ്യല്‍ സമയത്ത് മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമേ പാടുള്ളു. ഉത്തരവിന്റെ പകര്‍പ്പ് ആശുപത്രി അധികൃതര്‍ക്ക് നല്‍കണം. എന്നിവയാണ് നിബന്ധനകള്‍.

Tags: