നടിയെ ആക്രമിച്ച കേസ്; കോടതി മാറ്റം ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

Glint desk
Sat, 21-11-2020 12:11:01 PM ;

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റാനുള്ള ഹര്‍ജി തള്ളിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഇരയ്ക്കും പ്രോസിക്യൂഷനും വിശ്വാസം ഇല്ലാത്ത കോടതിയില്‍ വിചാരണ നടക്കരുത് എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇരയ്ക്ക് നീതി ഉറപ്പാക്കാനും കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കി. 

വിചാരണ കോടതി മാറ്റേണ്ട സാഹചര്യം നിലവിലില്ല എന്നാണ് ഹര്‍ജി തള്ളി കൊണ്ട് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയത്. തിങ്കളാഴ്ച മുതല്‍ വിചാരണ തുടരണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കേസ് പരിഗണിച്ചപ്പോള്‍ ആക്രമിക്കപ്പെട്ട നടിയും സര്‍ക്കാരും വിചാരണാ കോടതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. വിചാരണ സമയത്ത് ക്രോസ് വിസ്താരത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് നടി ആരോപിച്ചു. പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തില്‍ ആയിരുന്നുവെന്നും വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ലെന്നുമായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചത്.

Tags: