ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ സി.ബി.ഐ കേസെടുത്തു

Glint desk
Fri, 25-09-2020 05:28:19 PM ;

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ സി.ബി. ൈകേസ് രജിസ്റ്റര്‍ ചെയ്തു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനം നടന്നെന്നാണ് കണ്ടെത്തല്‍. കൊച്ചിയിലെ ആന്റി കറപ്ഷന്‍ യൂണിറ്റാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രാഥമികമായി വിദേശത്തുനിന്ന് വന്ന പണം അതിന്റെ ഉദ്ദേശത്തിന് വിരുദ്ധമായി ചെലവഴിച്ചതായുള്ള ആരോപണത്തിന്‍ മേലാണ് കേസ്.

ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടി അനില്‍ അക്കര എംഎല്‍എ സിബിഐക്ക് പരാതി നല്‍കിയിരുന്നു. റെഡ് ക്രസന്റുമായടക്കം പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ നിയമവിരുദ്ധമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

വിദേശനിക്ഷേപം കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് നിര്‍മിക്കുന്നതിനായി സ്വപ്നാ സുരേഷ് കൈക്കൂലി വാങ്ങിയിരുന്നെന്നത് അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 

സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വിജിലന്‍സ് അന്വേഷണമല്ല സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എഫ്സിആര്‍എ ചട്ടലംഘനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇനി സിബിഐ പരിശോധിക്കും.

Tags: