സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കൊറോണ, 1380 സമ്പര്‍ക്ക രോഗികള്‍

Glint desk
Thu, 13-08-2020 06:06:29 PM ;

കേരളത്തില്‍ ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 100 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 98 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 434, പാലക്കാട് 202, മലപ്പുറം 202, എറണാകുളം 115, കോഴിക്കോട് 98, കാസര്‍കോട് 79, പത്തനംതിട്ട 75, തൃശ്ശൂര്‍ 75, കൊല്ലം 74, ആലപ്പുഴ 72, കോട്ടയം 53, ഇടുക്കി 31, കണ്ണൂര്‍ 27, വയനാട് 27 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. 

15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ 2 വീതവും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിലെ 5 ഐടിബിപി ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ 4 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 766 പേരുടെ ഫലം നെഗറ്റീവ് ആയി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,53,061 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,40,378 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,683 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1670 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Tags: