പമ്പ അണക്കെട്ട് തുറന്നു; അഞ്ച് മണിക്കൂറില്‍ വെള്ളം റാന്നിയിലെത്തും

Glint Desk
Sun, 09-08-2020 02:54:54 PM ;

പമ്പ അണക്കെട്ട് തുറന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഷട്ടറുകള്‍ തുറന്നു തുടങ്ങിയത്. ആദ്യം രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. തുടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ ആറ് ഷട്ടറുകളും രണ്ടടി വീതം ഉയര്‍ത്തി. അഞ്ചുമണിക്കൂറിനകം വെള്ളം റാന്നിയിലെത്തുമാണ് കരുതുന്നത്. ഡാം തുറക്കുമ്പോള്‍ നാല്‍പ്പത് സെന്റിമീറ്ററാണ് പമ്പയില്‍ ജലനിരപ്പ് ഉയരുക. 983.5 മീറ്റര്‍ ജലമാണ് ഇപ്പോള്‍ പമ്പ അണക്കെട്ടിലുള്ളത്. നിലവില്‍ ഡാം തുറക്കുന്നതിനുള്ള ഓറഞ്ച് അലര്‍ട്ട് മാത്രമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

ജലനിരപ്പ് 984.5 മീറ്റര്‍ ആകുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ശേഷം ജലനിരപ്പ് 985 മീറ്ററിലെത്തുമ്പോളാണ് ഡാം തുറക്കേണ്ടത്. എന്നാല്‍ 983.5 മീറ്റര്‍ ജലനിരപ്പ് എത്തിയപ്പോള്‍ തന്നെ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പത്തനംതിട്ട ജില്ല കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചിട്ടുണ്ട്.

Tags: