കരിപ്പൂരില്‍ മരിച്ചത് 18 പേര്‍; ഔദ്യോഗികസ്ഥിരീകരണം

Glint Desk
Sat, 08-08-2020 01:27:28 PM ;

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചത് 18 പേരാണെന്ന് ഔദ്യോഗികസ്ഥിരീകരണം. ആദ്യം 19 മരണം എന്നാണ് മന്ത്രി കെ ടി ജലീല്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നതെങ്കിലും, തിരിച്ചറിയാതിരുന്ന ഒരാള്‍ കരിപ്പൂരില്‍ നിന്ന് പരിക്കേറ്റ് എത്തിയതല്ല, മറ്റ് അസുഖം ബാധിച്ച് മരിച്ചതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. 

രണ്ട് ഗര്‍ഭിണികളും രണ്ട് കുട്ടികളുമടക്കം 15 പേരുടെ നില അതീവഗുരുതരമാണെന്നാണ് വിവിധ ആശുപത്രികളില്‍ നിന്ന് ലഭിക്കുന്ന വിവരം. കോഴിക്കോട് മൈത്ര ആശുപത്രിയിലുള്ള ഗര്‍ഭിണിയായ ആയിഷ ഷംല (30)യുടെ നില ഗുരുതരമാണ്. ഗുരുതരാവസ്ഥയിലുള്ള ഗര്‍ഭിണികള്‍ കോഴിക്കോട് മിംസ്, മൈത്ര ആശുപത്രികളിലും രണ്ട് കുട്ടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. നിരവധിപ്പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട് എന്ന് ജില്ലാ കളക്ടര്‍ അറിയിക്കുന്നു. 

Tags: